Monday, November 2, 2020

വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം

 

മലയാള സാഹിത്യകാരൻ വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം.


* മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ നേടിയ വയലാർ അവാർഡിന് അർഹനാകുക എന്നത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കല്ലേ നയിക്കുന്നത് ?

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നും ഉത്തരവാദിത്വത്തോടെയാണ് ഞാനെന്റെ രചനകളെ സമീപിച്ചിരിക്കുന്നത്. അവാർഡിനെ ഒരു ഭാരമായി കരുതേണ്ടതില്ല. എന്നും പൂർണ്ണ ഉത്തരവാദിത്വത്തോടെ രചനകളെ സമീപിക്കണം എന്നാണ് എന്റെ ആഗ്രഹം. 

* ശാസ്ത്രവും ദാർശനികതയും വിളക്കിച്ചേർത്ത് കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു ശാസ്ത്രജ്ഞനായും  സാഹിത്യകാരനായും ഒരുപോലെ ശോഭിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് സാധിക്കുന്നത്?

ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്. അവയെ രണ്ടായി കാണേണ്ടതില്ല. ശാസ്ത്രം എന്നും എന്നെ തുണച്ചിട്ടേ ഉള്ളൂ. ശാസ്ത്രജ്ഞനായ അബ്ദുൾ കലാം ഒരു കവി കൂടിയായിരുന്നു. ശാസ്ത്രം ഇഴപിരിയാത്ത രീതിയിൽ  സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്നു.

* അങ്ങയുടെ മിക്ക കൃതികളിലും പ്രകൃതി ഒരു പ്രധാനഘടകമാണ്. പ്രകൃതിയിലേക്ക് മടങ്ങിപ്പോകണം എന്ന സന്ദേശമാണോ  അങ്ങ് നൽകാൻ ആഗ്രഹിക്കുന്നത് ?

മനുഷ്യശരീരം പ്രകൃതിയുടെ ഒരു തുടർച്ചയാണ്. അതുകൊണ്ടുതന്നെ ഒരു മടങ്ങിപ്പോക്ക് എന്നതിനേക്കാളുപരി പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന ആശയമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അവയെ രണ്ടായി കാണേണ്ടതില്ല.

* ഒരു ഉപദേശകരീതിയിൽ തന്റെ രചനകളെ സമീപിക്കുന്ന ഒരു വ്യക്തിയല്ല താങ്കൾ. പക്ഷേ 'പ്രണയോപനിഷത്ത്' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഒരു ഉപദേശകരീതിയിൽ ഉള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. താങ്കൾ എങ്ങനെ അതിനെ നോക്കിക്കാണുന്നു?

സിനിമ ഒരു വാണിജ്യകലയാണ്. തിരക്കഥാകൃത്ത് 'പ്രണയോപനിഷത്ത്' എന്ന കഥയെ ഒരു സിനിമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഒരു വായനക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് കഥ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. ഞാൻ അതിൽ പ്രണയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.



* പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം എന്നിവയിലെല്ലാം ഒരു യാത്ര പശ്ചാത്തലം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. താങ്കളുടെ യാത്രകൾ എന്തെങ്കിലും പുസ്തകരചനയെ സ്വാധീനിച്ചിട്ടുണ്ടോ?

ജീവിതം തന്നെ ഒരു യാത്രയല്ലേ.  ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഒരു  യാത്ര മാത്രമാണ് ജീവിതം. അതുകൊണ്ടുതന്നെ യാത്ര എന്നത്  രചനയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പല ആശയങ്ങളും ശക്തമായി അവതരിപ്പിക്കാൻ യാത്ര പശ്ചാത്തലം  സഹായകമാകുന്നു.

* എല്ലാ എഴുത്തുകാരും രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നവരാണ്. താങ്കളുടെ രാഷ്ട്രീയനിലപാട് എന്താണ്?

എന്റെ രാഷ്ട്രീയനിലപാട് എന്റെ  പുസ്തകങ്ങളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കൂടി ഉൾപ്പെടുന്ന ഒരു സമഭാവനയാണ് എന്റെ രാഷ്ട്രീയം. ഒരാൾ വെറുത്തുകൊണ്ട് മറ്റൊന്നിനൊപ്പം നിൽക്കുക എന്നത് സമഭാവനയല്ലല്ലോ. എല്ലാവർക്കുമൊപ്പം എത്തുന്നതാണ് എന്റെ രാഷ്ട്രീയം.


  
വി.ജെ. ജയിംസ്

കോട്ടയം വാഴപ്പള്ളി സ്വദേശിയായ വി.ജെ. ജയിംസ് വയലാർ അവാർഡ് (2019), കേരള സാഹിത്യ അക്കാദമി അവാർഡ് (2017) ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. പുറപ്പാടിൻറെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, പ്രണയോപനിഷത്ത്, നിരീശ്വരൻ,  ആന്റിക്ലോക്ക് എന്നിവയാണ്  പ്രധാനകൃതികൾ. നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്നു.

Thursday, October 29, 2020

ഫ്ലോറൻസ് ആർതഡ് - Florence Arthaud

ഫ്ലോറൻസ് ആർതഡ്

അധികം ആർക്കും കേട്ട് പരിചയമില്ലാത്ത ഒരു പേരാണിത്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാവികരിൽ ഒരാൾ, വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് ചരിത്രം സൃഷ്ടിച്ച വനിത, എന്നിങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുമ്പോൾ ആരാണ് ഫ്ലോറൻസ് ആർതഡ് എന്നറിയുവാൻ ഒരു കൗതുകം ഏതൊരു വായനക്കാരനും ഉണ്ടാകും.


"കടലിലേക്ക് എത്തിപ്പെടും വരെ എനിക്ക് സന്തോഷവതിയായി ഇരിക്കാൻ സാധിക്കുകയില്ല" എന്ന ഫ്ലോറൻസിന്റെ  സ്വന്തം വാക്കുകളാണ് ആ വനിതയെ വിവരിക്കുവാൻ ഏറ്റവും ഉചിതം. പുരുഷാധിപത്യം നിറഞ്ഞ നാവികമേഖലയിലേക്ക് കടന്നു വരികയും റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്ത ദൃഢനിശ്ചയത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമാണ് ഫ്ലോറൻസ്.



വിജയം ഒരു എളുപ്പവഴി അല്ല, ഒരു നീണ്ട യാത്രയാണ്. നിരവധി പരീക്ഷണങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയി വിജയത്തിൽ എത്തിയ ഒരു കഥയാണ് ഫ്ലോറൻസിന്റെത്. 1987 ഒക്ടോബർ 28 ആം തീയതി ജാക്വസ് ആർതഡ് എന്ന പ്രസാധകന്റെ മകളായിട്ടാണ് ഫ്ലോറൻസിന്റെ ജനനം. സാഹസികവും കായികപരമായ കാര്യങ്ങളോട് വളരെ അടുപ്പം പുലർത്തിയിരുന്ന ഒരു കുടുംബം ആയിരുന്നു അത്. സാഹസിക കഥകൾ പ്രസിദ്ധീകരിച്ചിരുന്ന അച്ഛനും നീന്തലും തുഴച്ചിലും സാഹസികയാത്രകളും ചെയ്തിരുന്ന സഹോദരന്മാരുടെയും ഒപ്പമുള്ള ജീവിതം ഫ്ലോറൻസിനെ വേഗതയുടെ കൂട്ടുകാരിയാക്കി മാറ്റി. വളരെ ചെറുപ്പം മുതലേ ബോട്ടുകളോടും കടൽയാത്രകളോടും കടുത്ത അഭിനിവേശമായിരുന്നു ഫ്ലോറൻസിന്.


എന്നാൽ പതിനേഴാം വയസ്സിൽ അവൾ ഗുരുതരമായ ഒരു കാറപകടത്തിൽപ്പെട്ട് കോമയിൽ ആയി. തലയോട്ടിയിലെ  പൊട്ടലുകളും പക്ഷാഘാതവും നട്ടെല്ലിനേറ്റ പരിക്കുകളും ഫ്ലോറൻസിനെ വളരെക്കാലം പിന്തുടർന്നു. എന്നാൽ അതൊന്നും കിടയറ്റ ആത്മബലം ഉള്ള ആ പെൺകുട്ടിയെ തളർത്തിയില്ല. "ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സാഹസവും ഏകാന്തതയും നൽകുവാൻ സമുദ്രത്തിന് മാത്രമേ കഴിയൂ", എന്നു പറഞ്ഞുകൊണ്ട് ഇരുപത്തിയൊന്നാം വയസ്സിൽ അവൾ തന്റെ ആദ്യ ട്രാൻസ് അറ്റ്ലാന്റിക് മത്സരത്തിൽ പങ്കെടുത്തു. 5800 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച് അറ്റ്ലാന്റിക് സമുദ്രം മറികടക്കുക. അത്ര വലിയ മത്സരത്തിന് അനുയോജ്യം അല്ലാതിരുന്ന സ്വന്തം ബോട്ടിലുള്ള ആ യാത്രയിൽ 40 പേരിൽ 11 സ്ഥാനത്തെത്താൻ ഫ്ലോറൻസിന്  സാധിച്ചു.


അതൊരു തുടക്കം മാത്രമായിരുന്നു. അടുത്ത പത്ത് കൊല്ലവും മുടങ്ങാതെ ഫ്ലോറൻസ് മത്സരത്തിൽ പങ്കെടുത്തു. മികവുറ്റ ആ താരത്തിന് ഫിലിപ്പ് പൗപോൻ, മൈക്ക് ബിർച്ച്, എറിക് ബാർലി എന്നീ ഇതിഹാസങ്ങൾ സുഹൃത്തുക്കളായി മാറി. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ വർഷങ്ങളിൽ  ഫ്ലോറൻസ് കടന്നുപോയത്. ഒരു മികച്ച ബോട്ട് നിർമ്മിക്കുന്നതിനുള്ള പണം കണ്ടെത്താൻ പലയിടത്തും അവർ കയറിയിറങ്ങി. 1988ൽ പിയറി ഇയർ ചെയർമാൻ ക്രിസ്ത്യൻ ഗാരൽ,  ഫ്ലോറൻസുമായി ഒരു എഗ്രിമെന്റ് ഒപ്പിട്ടതോടെ അവളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു. 



വളരെ നൂതനമായ സാങ്കേതികവിദ്യകൾ അടങ്ങിയ ഒരു ബോട്ട് ആയിരുന്നു അവർ നിർമ്മിച്ചത്. ഉപഗ്രഹസഹായത്തോടുകൂടി ജിപിഎസ്, റഡാർ പ്രവർത്തനങ്ങൾ, കാറ്റിന്റെയും ബോട്ടിന്റെയും വേഗതയും ആംഗിളും അളക്കാനുള്ള ഉപകരണം, കടൽ മാപ്പും അതിൽ ബോട്ടിന്റെ സ്ഥാനവും കാണിക്കുവാൻ മക്കിന്റോഷ് കമ്പ്യൂട്ടർ എന്നിവ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. പാരിസ് സ്വദേശിയായ ലൂയിസ് ബോർഡിൻ  റൂട്ടുകളും കാലാവസ്ഥ വ്യതിയാനങ്ങളും നോക്കി ഏറ്റവും എളുപ്പമുള്ള യാത്രാമാർഗങ്ങൾ ഫ്ലോറൻസിനോട് നിരന്തരമായി നിർദ്ദേശിച്ചുകൊണ്ടിരിക്കാൻ നിയോഗിക്കപ്പെട്ടു.


1990 എന്ന വർഷം ഫ്ലോറൻസ് ആർതഡിന്റെ ജീവിതത്തിലെ സുവർണ്ണവർഷമാണ്. ലോകം എക്കാലവും ഓർത്തിരിക്കുന്ന നേട്ടങ്ങൾ ഫ്ലോറൻസിലേക്ക് എത്തിച്ചേർന്ന വർഷമാണിത്. 9 ദിവസം, 21 മണിക്കൂർ, 42 മിനിറ്റ് സമയം കൊണ്ട് ബോട്ടിൽ ഒറ്റയ്ക്ക് അറ്റ്ലാന്റിക് സമുദ്രം മറികടന്ന് സോളോ അറ്റ്‌ലാന്റിക് ലോകറെക്കോർഡ് തിരുത്തിയെഴുതി അവൾ. ദൃഢനിശ്ചയത്തിന്റെ ആ കഥ അവിടെ അവസാനിച്ചില്ല. മൂന്നുമാസത്തിനുള്ളിൽ ലോകപ്രസിദ്ധമായ സോളോ ട്രാൻസ്-അറ്റ്ലാന്റിക് മൽസരം റൂട്ട് ഡു റം വിജയിച്ചു കൊണ്ട് അവൾ മുന്നേറി. റൂട്ട് ഡു റം എന്ന അന്തർദേശീയ നാവികമത്സരം വിജയിച്ച ഏക വനിത എന്ന ഖ്യാതി ഇന്നും ഫ്ലോറൻസിന് സ്വന്തമാണ്. 


ലോകറെക്കോർഡിന് പിന്നാലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ അവളെ തേടിയെത്തി.  നട്ടെല്ലിലെ മുറിവുകൾ പരിശീലനത്തിനും യാത്രകൾക്കും തടസ്സമായി. എന്നാൽ അതൊക്കെ മറികടന്നാണ് റൂട്ട് ഡു റം മത്സരത്തിൽ അവൾ പങ്കെടുത്തത്. അതിവേഗതയിൽ വീശിയടിക്കുന്ന കാറ്റിനെ നേരിടാനാവാതെ കളിയുടെ ആദ്യമണിക്കൂറുകൾക്കുള്ളിൽ തന്നെ 4 മത്സരാർത്ഥികൾ മത്സരം ഉപേക്ഷിച്ചു. ഭക്ഷണമായി സൂപ്പും പാസ്തയും മാത്രം.  കാറ്റിൽ ആടിയുലയുന്ന ബോട്ടിനെ ശ്രദ്ധിക്കേണ്ടതിനാൽ ഉറക്കത്തിനിടയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഉണരേണ്ടി വന്നു. ഒന്നും രണ്ടുമല്ല, കടുത്ത ഏകാന്തതയും അനാരോഗ്യവും കൂസാതെ ആർത്തലയ്ക്കുന്ന കടലിനോടും കാറ്റിനോടും പൊരുതി 14 ദിവസം 10 മണിക്കൂർ 10 മിനിറ്റ് സമയമാണ് ട്രിമാറൻ ‘പിയറി 1’ എന്ന കപ്പലിൽ ഫ്ലോറൻസ് ചെലവഴിച്ചത്. കടലിനെ സ്നേഹിച്ച ഏവർക്കും മുന്നിൽ അസാമാന്യ കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃകയാവുകയായിരുന്നു ആ 34കാരി.


1990 നവംബർ 4 ന് മത്സരം ആരംഭിക്കുമ്പോൾ മികച്ച ബോട്ടുകളും മത്സരാർത്ഥികളും തനിക്കെതിരെ ഉണ്ടെന്നത് ഫ്ലോറൻസിനെ തെല്ലും അലട്ടിയില്ല. നവംബർ 7 ആയപ്പോഴേക്കും 1609 കിലോമീറ്ററുകൾ താണ്ടി ഫ്ലോറൻസ് മുൻപിൽ എത്തിയിരുന്നു. ഒന്നിന് പിറകെ ഒന്നായി വന്ന പല പ്രതിബന്ധങ്ങളെയും ഫ്ലോറൻസ് തികഞ്ഞ സംയമനത്തോടെ നേരിട്ടു. ബോട്ടിലെ പല സാങ്കേതികവിദ്യകളും തകരാറിലായി. പുറംലോകവുമായി ബന്ധപ്പെടുവാനോ കടൽമാപ്പുകൾ കാണുവാനോ ദിശ നിർണ്ണയിക്കുവാനോ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തിൽ അവൾ യാത്രയിൽ മുന്നോട്ടുപോയി.




എന്നാൽ ബോട്ടിന്റെ ഇന്ധനചോർച്ച യാത്രയെ സാരമായി ബാധിച്ചു. ഇതിനിടെ ദിവസങ്ങൾ നീണ്ട രക്തസ്രാവംമൂലം മൃതപ്രാണയായ ഫ്ലോറൻസ് ഒടുവിൽ കപ്പലിനെ കാറ്റിന്റെ ദിശക്ക്‌ കൈമാറി മൂന്നുമണിക്കൂർ നന്നായി ഉറങ്ങി. ആ രാത്രിയെ ഫ്ലോറന്സ് വിവരിക്കുന്നത് "ഞാൻ ദൈവത്തോടൊപ്പം തനിച്ചായിരുന്നു" എന്നാണ്.  മറ്റു മത്സരാർത്ഥികൾ ചുഴലിക്കാറ്റിൽപ്പെട്ട്  മുന്നോട്ടുനീങ്ങാനാവാതെ വലഞ്ഞപ്പോൾ, വിജയത്തിന് അത്രമേൽ ആഗ്രഹിച്ച, അതിനായി നിരന്തരമായി അധ്വാനിച്ച ഫ്ലോറൻസ്, പതിനഞ്ചാം ദിവസമായ നവംബർ 18 ആം തീയതി ഗ്വാഡലൂപ്പ് എന്ന് വിജയസ്ഥലത്തെത്തിയിരുന്നു. വരണ്ട ചുണ്ടുകളും കുഴിഞ്ഞ കണ്ണുകളുമായി അവൾ ആ തീരത്ത് ബോട്ട് അടിപ്പിച്ചപ്പോൾ പതിനായിരക്കണക്കിനാളുകൾ വിജയാഘോഷം മുഴക്കി അവളെ സ്വീകരിച്ചു. കരഘോഷങ്ങൾക്കും വെടിക്കെട്ടുകൾക്കും ഇടയിൽ കുടുംബവും സുഹൃത്തുക്കളും അവളെ വരവേറ്റു. റൂട്ട് ഡു റം മത്സരം ജയിക്കുന്ന ആദ്യ വനിത എന്നതിനപ്പുറം 14 ദിവസം 10 മണിക്കൂർ 10 മിനിറ്റ് എന്ന റെക്കോർഡ് സമയം സൃഷ്ടിച്ചുകൊണ്ടുള്ള യാത്രയായിരുന്നു അത്. 


അന്നാണ് "അറ്റ്ലാന്റിക്കിന്റെ പ്രിയവധു" എന്ന വിശേഷണം ഫ്ലോറൻസിന് ലഭിക്കുന്നത്. നാവികലോകം പുരുഷന്മാരുടെ മാത്രം ലോകമല്ലെന്ന് തെളിയിച്ച ഫ്ലോറൻസ് ഇസബെൽ ഓട്ടിസിയർ, കാതറിൻ ചബൗഡ് എന്നിവരടങ്ങുന്ന അടുത്ത നാവികതലമുറയ്ക്ക്  പ്രചോദനമായി മാറി. പിന്നീടുള്ള ജീവിതത്തിൽ ഉടനീളവും കടലിന്റെ കൂട്ടുകാരിയായി തന്നെ അവൾ ജീവിച്ചു. "കപ്പൽയാത്ര എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്" എന്ന് സ്വന്തം വാക്കുകൾ അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു ഫ്ലോറൻസിന്റെത്. 


"ജീവിതം ഒരു സമ്മാനമാണ്, നിങ്ങൾ അത് പൂർണ്ണമായി ജീവിക്കുകയും എല്ലായ്പ്പോഴും നിങ്ങളുടെ വിധിയിൽ വിശ്വസിക്കുകയും വേണം". തന്റെ ജീവിതത്തെ പരിപൂർണ്ണ സ്വാതന്ത്രത്തോടെ, സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ ജീവിച്ച ഫ്ലോറൻസ് ആർതഡ് ഇത് പറയുമ്പോൾ അറിയാതെ പോലും നാം ചിന്തിച്ചു പോകും. ജീവിതത്തിന് അർത്ഥം ഉള്ളതാണെന്നും അത് ജീവിച്ച് തീർക്കുവാൻ ഉള്ളതാണെന്നും ഇത്തരം ചിലരാണ് നമ്മെ ഓർമിപ്പിക്കുന്നത്. ജീവിതത്തെ വളരെ മനോഹരമായി ജീവിച്ച് തീർത്ത ചിലർ.





Tuesday, October 13, 2020

നൊബേൽ സാഹിത്യസമ്മാനവും ലൂയിസ് ഗ്ലക്ക് കവിതയും

 

നൊബേൽ സാഹിത്യസമ്മാനവും ലൂയിസ് ഗ്ലക്ക് കവിതയും

 

നൊബേൽ സാഹിത്യ സമ്മാനം, പുലിസ്റ്റർ സമ്മാനം, നാഷണൽ ബുക്ക് അവാർഡ് നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടാൻ മാത്രം എന്തു പ്രത്യേകതയാണ് ലൂയിസ് ഗ്ലക്ക് എന്ന അമേരിക്കൻ കവയത്രിയുടെ രചനകളിൽ ഉള്ളത് ?

കാവ്യശബ്ദംകൊണ്ട് തന്റെ അസ്ഥിത്വത്തെ സാർവത്രികം ആക്കി എന്നാണ് നൊബേൽ പുരസ്കാരകമ്മിറ്റി ഗ്ലക്കിന്റെ കവിത വിശേഷിപ്പിച്ചത്. 1943 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ലൂയിസ് ഗ്ലക്ക്, ഏറ്റവും പ്രഗത്ഭരായ സമകാലീന കവികളിൽ ഒരാളായിയാണ് കണക്കാക്കപ്പെടുന്നു.

ഏകാന്തത, കുടുംബബന്ധങ്ങൾ, വിവാഹമോചനം, മരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തെളിഞ്ഞ ഉൾക്കാഴ്ചയോടെ കവിതകൾ സൃഷ്ടിക്കുന്ന ഗ്ലക്ക്, 12 കവിതാപുസ്തകങ്ങളുടെ രചയിതാവാണ്. വൈകാരിക തീവ്രതയേറിയ വിഷയങ്ങളെ ചരിത്രം, പ്രകൃതി, മിത്തുകൾ എന്നിവയുമായി കൂട്ടിയിണക്കി കാവ്യരചനയുടെ ഒരു പുതിയതലം സൃഷ്ടിക്കുന്നവയാണ് ലൂയിസ് ഗ്ലക്കിന്റെ കവിതകൾ.

മനുഷ്യാവസ്ഥയെ അവിസ്മരണീയവും അത്ഭുതകരവുമായ ഭാഷയിൽ അവതരിപ്പിക്കുവാനുള്ള ഗ്ലക്കിന്റെ കഴിവ് ഓരോ കവിതയിലും ശക്തമായി പ്രകടമാണ്. സംഘർഷങ്ങളും ഒറ്റപ്പെടലും ആസക്തിയും അനുഭവവും ഗ്ലക്കിന് വിഷയങ്ങളാണ്.



അസുഖബാധിതമായ ബാല്യകാലം വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തിയപ്പോൾ, കവിതയെ അടുത്തറിയുവാൻ ഇരുപതാം വയസ്സുവരെ ഗ്ലക്കിന് കാത്തിരിക്കേണ്ടിവന്നു.
കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഒാ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ക​വി​താ പ​ഠ​ന​ത്തി​നു ചേ​രു​ന്ന ഗ്ലക്ക് ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി​ ഏഴ് വർഷത്തിനു ശേഷമാണ് രണ്ടാമത്തെ സമാഹാരം പുറത്തിറക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും കവിതാലോകത്തെ വിമർശനങ്ങളും തരണം ചെയ്താണ് ലൂയിസ് ഗ്ലക്ക് എന്ന കവയത്രിയുടെ വിജയം രചിക്കപ്പെട്ടത്.

1975ൽ ​ പുറത്തിറങ്ങിയ ദ ഹൗ​സ് ഒാ​ൺ മാ​ർ​ഷ്‌​ലാ​ൻ​ഡ്, 1990ൽ പുറത്തിറങ്ങിയ അ​രാ​റാ​റ്റ്, 1992ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ ​വൈ​ൽ​ഡ് ഐ​റി​സ് എ​ന്നീ ക​വി​താ സ​മാ​ഹാ​രങ്ങളും 2001ൽ പുറത്തിറങ്ങിയ ഒക്ടോബർ എന്നാ നീണ്ട കവിതയും എല്ലാം ഗ്ലക്കിന്റെ കാവ്യലോകത്തെ മായാമുദ്രകളാണ്.

"എന്റെ പ്രിയപ്പെട്ട ജീവിതം എന്നോട് ചെയ്തതിനേക്കാൾ വലിയ ദ്രോഹം,  മരണത്തിന് എന്നോട് ചെയ്യാൻ സാധിക്കില്ല"

"ആവശ്യകതയും ആഗ്രഹത്തേയും തമ്മിൽ വേർതിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു ഇന്നത്തെ ദിവസം മുഴുവൻ ഞാൻ"

"എല്ലാ ദിവസവും, ശവസംസ്കാരം നടക്കുന്ന വീടുകളിൽ, പുതിയ വിധവകൾ ജനിക്കുന്നു,
പുതിയ അനാഥകൾ..."

"വസന്തം എന്നിലേക്ക് തിരികെ എത്തി. ഇത്തവണ കാമുകനായി അല്ല, മരണത്തിന്റെ ദൂതനായി."

എന്നീ വിവർത്തനവരികളിൽ എല്ലാം അപ്പുറത്തേക്ക് സഞ്ചരിക്കുന്ന അർത്ഥതലങ്ങളെ കണ്ടെത്താൻ സാധിക്കും.  കുറച്ചു വരികൾ കൊണ്ട് കൂടുതൽ കാവ്യാനുഭവം സൃഷ്ടിക്കുക എന്നത് ഗ്ലക്കിന്റെ രചനാശൈലി ആണ്. ഗ്ലക്കിന്റെ കവിതകളിലെ സ്ഥിരം സാന്നിധ്യമായി മാറിയവയാണ് അമ്മ, മരണം, സഹോദരങ്ങൾ, ഭൂമി, ആത്മാവ്, സംഗീതം എന്നിവ.

ബാല്യകാല സ്മരണകളും പ്രകൃതി നൽകിയ പാഠങ്ങളും ജീവിത-മരണ സംഘർഷങ്ങളും തന്മയത്വത്തോടെ വരച്ചിടുന്ന ഗ്ലക്ക് തന്റെ പല കവിതകളിലും മനുഷ്യമനസ്സിനോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്നു.
നാം ജീവിക്കുന്ന ജീവിതം തന്നെയാണോ ശരി.? കാണേണ്ടതും അറിയേണ്ടതും മനസ്സിലാക്കേണ്ടതും നമുക്ക് അറിയാൻ സാധിക്കുന്നുണ്ടോ.? ചില ഓർമ്മകൾ, ചില തിരുത്തലുകൾ, ചില ചോദ്യങ്ങൾ, അറിഞ്ഞോ അറിയാതെയോ മറവിയിലേക്ക് തള്ളപ്പെട്ട ഇങ്ങനെയുള്ള പലതിനെയും ഒരു ചെറുകവിതയിലൂടെ നമ്മിലേക്ക് തിരിച്ചെത്തിക്കാൻ ലൂയിസ് ഗ്ലക്ക് എന്ന കവയത്രിക്ക് നിസ്സാരമായി സാധിക്കുന്നു.

തലമുറകളിലൂടെ കടന്നുപോകുന്ന കവിതകൾ. തലമുറകളെ കുറിച്ച് പറഞ്ഞുപോകുന്ന കവിതകൾ. കാലത്തിനേയും പ്രകൃതിയേയും കുറച്ചു വാക്കുകൾക്കുള്ളിൽ കോർത്ത് ഇടുന്ന വളരെ വ്യത്യസ്തമായ ഒരു കവയത്രിയാണ് ലൂയിസ് ഗ്ലക്ക്. പുരസ്കാരങ്ങൾക്ക് അപുറത്തേക്ക് വായനയിലൂടെയുള്ള മനസ്സിലാക്കൽ, ഒരു വായനക്കാരന് ഗ്ലക്ക് എന്ന വ്യത്യസ്തസ്വരത്തെ അറിയാൻ സാധിക്കുക അപ്പോഴാണ്. ഗ്ലക്കിന്റെ കവിതകൾ സംസാരിക്കുന്നുണ്ട്, കേൾക്കുവാൻ മനസ് തുറന്നാൽ മാത്രം മതി.

മനുഷ്യന്റെ ഓർമകളെയും അസ്തിത്വത്തെയും തേടി ചെല്ലുന്ന ഒരാളെ നമുക്ക് അവിടെ കാണാം. കവിത വായിച്ച് തിരിച്ചിറങ്ങുമ്പോൾ നാമും ആ കവിതയുടെ ഭാഗമായി തീരും.

Sunday, September 13, 2020

കേരളത്തിലെ ബദൽ സ്കൂളുകൾ

 

കേരളത്തിലെ ബദൽ സ്കൂളുകൾ


ഇന്ത്യയിലെ വിദ്യാഭ്യാസരീതി എന്നും രാജ്യത്തെയും മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാണ്. അഡാപ്റ്റീവ് സ്വഭാവം മെച്ചപ്പെടുന്നുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും സാധാരണ വ്യക്തിഗതജീവിതത്തിൽ അതിന്റെ പ്രയോഗക്ഷമതയെക്കുറിച്ചും ചോദ്യങ്ങൾ ഇപ്പോഴും നിലവിലുണ്ട്. പാഠപുസ്തകങ്ങൾ മനപാഠമാക്കുന്നതിനുപകരം വിദ്യാർത്ഥിയുടെ ആവശ്യങ്ങളെക്കുറിച്ചും നിരീക്ഷണത്തിലൂടെ അവന്റെ ചുറ്റുപാടുകൾ കണ്ടെത്താനുള്ള പ്രേരണയെക്കുറിച്ചും ചിന്തിക്കാൻ ഈ ചോദ്യങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു.

പരമ്പരാഗത രീതികൾ കുട്ടികളെ ഒരു ക്ലാസ് മുറിയിൽ ഒതുക്കി നിർത്താനും ട്യൂട്ടർമാർ വാഗ്ദാനം ചെയ്യുന്നത് സ്വീകരിക്കാനും സമ്മർദ്ദം ചെലുത്തുന്നു. ഈ സമ്മർദ്ദം കുറയ്ക്കുവാനായി ഇന്ത്യയിലെ ബദൽ വിദ്യാഭ്യാസസമ്പ്രദായം ചില നൂതന ആശയങ്ങൾ മുന്നോട്ടുവച്ച സ്കൂളുകൾക്ക് അംഗീകാരം നൽകി. ശരിയായ മാർഗ്ഗനിർദ്ദേശത്തിലൂടെയും പരിസ്ഥിതിയോട് കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ അവർ ആഗ്രഹിക്കുന്ന രീതിയിൽ വളരുവാൻ അനുവദിക്കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾ ആയിരുന്നു ഇവ.

ഒരു നിശ്ചിത സിലബസിന് ഉള്ളിൽ നിന്നുകൊണ്ട് പാഠഭാഗങ്ങൾ മനപ്പാഠമാക്കി പരീക്ഷകൾക്ക് മാർക്ക് വാങ്ങുന്ന രീതിക്ക് അപ്പുറത്തേക്ക് അറിവിനെ സ്വന്തം ജീവിതത്തിലും സമൂഹത്തിലും പ്രയോജനപ്പെടുന്ന ഒന്നാക്കി മാറ്റുക.  ക്രിയാത്മകമായ രീതികളിലൂടെ പഠനം എളുപ്പമാക്കുക, പാഠഭാഗത്തോടൊപ്പം പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുവാൻ സഹായിക്കുക എന്നിവയും ഇത്തരം സ്കൂളുകളുടെ പ്രത്യേകതകളാണ്. പ്രയോജനപ്പെടുന്ന ഒരുപാട് അറിവുകൾ വളരെ രസകരമായി പഠിച്ചെടുക്കാൻ സഹായിക്കുന്ന ഇത്തരം സ്കൂളുകൾ നമ്മുടെ കേരളത്തിലും ഉണ്ട്.

ഇന്ന് നമ്മൾ കേരളത്തിലെ ഇത്തരം ചില ബദൽ സ്കൂളുകൾ പരിചയപ്പെടുന്നു.


വയനാട് ജില്ലയിലെ കനവ്

പഠനം ഒരു സ്വാഭാവിക പ്രക്രിയയാണെന്ന് വിശ്വസിക്കുന്ന വയനാട് ജില്ലയിലെ ചെങ്കോട് ഗ്രാമത്തിലെ ഒരു ബദൽ സ്കൂളാണ് കനവ്. സാമുദായിക ജീവിതവും സ്റ്റേജ് പെർഫോമൻസുകളും പോലുള്ള വിവിധ രീതികളിലൂടെ, ജീവിതത്തിന്റെ വിവിധ തലങ്ങൾ മനസ്സിലാക്കാൻ കനാവ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. എഴുത്തുകാരനും നാടകകൃത്തുമായ കെ.ജെ. ബേബി ആരംഭിച്ച ഒരു സംരംഭമാണ് കനവ്.



നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒരു ക്ലാസ് മുറിക്ക് പുറത്തേക്ക് നെൽ‌പാടം, ലൈബ്രറി, വനം, അടുക്കള എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് പഠനം വ്യാപിക്കുന്നു. പല അറിവുകളും നേരിട്ട് കണ്ടും അനുഭവിച്ചും പരീക്ഷിച്ചും അറിയുവാൻ സാധിക്കുന്നു. വയനാട്ടിലെ 17 വയസ്സ് വരെയുള്ള ആദിവാസി കുട്ടികളിലാണ് കനവ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അക്കാദമിക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ മത്സര സ്വഭാവത്തിനപ്പുറം, വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യം നിലനിർത്താൻ കനാവ് ശ്രമിക്കുന്നു. സംഗീതം, നൃത്തം, കല, നാടകം, ആയോധനകല, പെയിന്റിംഗ്, ശില്പകല,  മൺപാത്രനിർമാണം, നാടോടിക്കഥകൾ എന്നിവ പഠിക്കാൻ ഈ സ്കൂൾ പ്രാധാന്യം നൽകുന്നു.

പഠനത്തിൽ ഫെസിലിറ്റേറ്റർമാർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ ഒരു ഗ്രൂപ്പ് വർക്ക് ഉൾപ്പെടുന്നുണ്ട്. ഭാഷവ്യത്യാസം മൂലം  മുഖ്യധാരാസ്കൂളുകൾ അവഗണിക്കുന്ന  ആദിവാസി കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ഈ സംരംഭത്തിന് മികച്ച പിന്തുണയാണ് ലഭിച്ചു വരുന്നത്.


തിരുവനാഥപുരം ജില്ലയിലെ ഗോത്രാലയം

മിനി രാമനും ഭർത്താവ് സുധി നാമയനും ചേർന്ന് 2012 ൽ സ്ഥാപിച്ച ഒരു ബദൽ വിദ്യാലയമാണ് ഗോത്രാലയം. തിരുവനാഥപുരം ജില്ലയിലെ ചാവഡി ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമൂഹികവേർതിരിവിനാൽ ഒറ്റപ്പെട്ടുപോയ ദലിത്, ആദിവാസി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നൃത്തം, സംഗീതം, ആയോധനകലകൾ എന്നിവ പഠിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികളെ മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുകയും മികച്ച കാഴ്ചപ്പാടോടെ ലോകത്തെ അഭിമുഖീകരിക്കാൻ അവരെ തയ്യാറാക്കുകയും ചെയ്യുന്നു.


പാലക്കാട് ജില്ലയിലെ സാരംഗ്

പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ സ്ഥിതിചെയ്യുന്ന ഒരു ബദൽ സ്കൂളാണ് സാരംഗ്. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം പ്രോത്സാഹിപ്പിക്കുന്നതിനായി അധ്യാപക ദമ്പതികളായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേർന്ന് ആരംഭിച്ച ഒരു നൂതന ആശയവിദ്യാലയമാണിത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മനസ്സിലാക്കിയതിനാൽ അവർ സർക്കാർ ജോലി ഉപേക്ഷിച്ചു. യഥാർത്ഥവും തുറന്നതും പ്രകൃതിയോട് അടുക്കുന്നതുമായ ഒരു അന്തരീക്ഷം ഉപയോഗിച്ച് അവർ സ്വന്തമായി ഒരു സ്വപ്ന വിദ്യാലയം സൃഷ്ടിച്ചു. നിശ്ചിത പാഠ്യപദ്ധതി, യൂണിഫോം, ഗൃഹപാഠം, പരീക്ഷകൾ അല്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവയില്ല.


ഒരു പരമ്പരാഗത വിദ്യാലയം എന്ന ആശയത്തിനപ്പുറം ജൈവകൃഷി, വനം, മണ്ണ് സംരക്ഷണം, കല, ശാസ്ത്രം, സംസ്കാരം, ഭാഷ എന്നിവയിൽ അറിവ് നൽകുന്നു. വാസ്തുവിദ്യ പഠിക്കാൻ വീട് നിർമ്മിക്കൽ, പരിസ്ഥിതി ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയും നിരീക്ഷണത്തിലൂടെ പഠിക്കാൻ ചെക്ക് ഡാമുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിലും അവർ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നു. ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും അവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.


എറണാകുളം ജില്ലയിലെ ഭൂമി കിന്റർ ഗാർഡൻ

ആറുവയസ്സുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു ബദൽ വിദ്യാലയമാണ് ഭൂമി കിന്റർ ഗാർഡൺ. അവരുടെ ഭാവനയും ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിനായി കഥപറച്ചിൽ, പാചകം, പൂന്തോട്ടപരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ വിദ്യാർത്ഥികളെ ഏർപ്പെടുത്തുന്നു. കുട്ടികളുമായുള്ള പ്രകൃതിയുമായുള്ള ബന്ധം ഉത്തേജിപ്പിക്കുന്നതിനായി ഔട്ട്‌ഡോർ ക്ലാസുകളും പ്രകൃതിദത്തമായ കളിപ്പാട്ടങ്ങളും  ഉൾപ്പെടുത്തിയിരിക്കുന്നു.



കോട്ടയം ജില്ലയിലെ പള്ളികൂടം

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മേരി റോയ് സ്ഥാപിച്ച ഒരു ബദൽ സ്കൂളാണ് പള്ളികൂടം. കോട്ടയം ജില്ലയിലെ കളത്തിൽപടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കായികം,  സംഗീതം, കല, നൃത്തം, കളിമൺ മോഡലിംഗ്, പെയിന്റിംഗ്, പ്രസംഗകല, യോഗ, പാചകം എന്നിവ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ വാർത്തെടുക്കുന്നതിന് ഈ പ്രവർത്തനങ്ങൾക്കൊപ്പം ഒരു അക്കാദമിക് സിലബസും സ്കൂൾ പിന്തുടരുന്നു.




യഥാർത്ഥ ജീവിതവെല്ലുവിളികളെ രസകരവും നൂതനവുമായ രീതിയിൽ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലൂടെ അവർക്ക് അനുയോജ്യമായ ഒരു പഠന അന്തരീക്ഷം പുനർനിർമ്മിക്കാൻ ഈ സ്കൂളുകൾ ശ്രമിക്കുന്നു. സ്വതന്ത്രമായി ജീവിക്കാനും മുഖ്യധാരാ സ്കൂളുകൾ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനും ഇത് അവരെ സഹായിക്കുന്നു.

ഈ സ്കൂളുകളിൽ ഭൂരിഭാഗത്തിലും ഹോസ്റ്റൽ സൗകര്യം ഉള്ളതിനാൽ, കുട്ടികൾ തമ്മിലുള്ള ഐക്യം, സഹകരണം, കൂട്ടുകെട്ട് തുടങ്ങിയ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നു. ഈ സ്കൂളുകളിൽ നിന്ന് നേടിയ വൈവിധ്യമാർന്ന കഴിവുകൾ അവരെ വിവിധ മേഖലകളിൽ മികവ് പുലർത്തുവാൻ സഹായിക്കുന്നു.

ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ സ്വന്തം വീക്ഷണകോണിലൂടെ പഠിക്കാൻ പ്രോത്സാഹനം നൽകുന്നതിനാൽ ഈ സ്ഥാപനങ്ങൾ ഒരു അനുഗ്രഹമായിരിക്കും. പ്രകൃതിയോട് അടുക്കുന്നതിലൂടെ വിദ്യാർത്ഥികൾ ഉയർന്ന മനോഭാവവും സാമൂഹിക ഉത്തരവാദിത്വമുള്ള വ്യക്തികളായി സ്വയം വികസിക്കുന്നു.

എന്നാൽ ഉന്നത പഠനത്തിനും ജോലിക്കും സർട്ടിഫിക്കറ്റ് നിർബന്ധം ആയിരിക്കെ കുട്ടികൾ ഈ വിദ്യാലയങ്ങളിൽ നിന്ന് നേടുന്ന എല്ലാ അറിവുകളും കഴിവുകളും എങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കും എന്നതും ഒരു ചോദ്യമാണ്. വലിയൊരു കൂട്ടം കുട്ടികളിൽ ഇത്തരം വിദ്യാഭ്യാസ രീതിയിൽ ഒരുമിച്ച് വാർത്തെടുക്കാൻ സാധിക്കുമോ എന്നതും ചിന്തനീയമാണ്. എന്നാൽ സർട്ടിഫിക്കറ്റുകൾക്ക് അപുറത്തേക്ക് കഴിവുകൾക്ക് ( സ്കിൽസിന് ) പ്രാധാന്യം നൽകുന്ന നിരവധി ജോലികൾ ഇപ്പോഴുണ്ട്. എന്നാൽ ഈ ആശയം നിലവിലെ വിദ്യാഭ്യാസനയങ്ങളിൽ പുനർവിചിന്തനം നടത്തുകയും അതിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തെ ഒരു പുതുമയുള്ള രീതിയിൽ കാണാനുള്ള ശ്രമമെന്ന നിലയിൽ, ഈ വിദ്യാലയങ്ങൾ പ്രശംസ അർഹിക്കുന്നു. പഠന ഭാരത്തിന് വിടനൽകി കുട്ടികളെ കഴിവുറ്റവരാക്കുക, പ്രകൃതിയോടിണങ്ങി ജീവിച്ച് ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ ആവശ്യമായ അറിവുകൾ സമ്പാദിക്കുക - ബദൽ സ്കൂളുകളുടെ ഈ  ലക്ഷ്യങ്ങൾ സമൂഹത്തിന് എന്നും മുതൽക്കൂട്ടായി തീരട്ടെ എന്ന് പ്രതീക്ഷിക്കാം.

Sunday, September 6, 2020

തിരുക്കുറൽ


തിരുക്കുറൽ എന്ന ഗ്രന്ഥത്തെ കുറിച്ച് കേൾക്കാത്തവരായി ദക്ഷിണേന്ത്യയിൽ അധികം ആരും ഉണ്ടാകുകയില്ല. തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറലിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം അറിയേണ്ടത് അത് എഴുതപ്പെട്ട കാലഘട്ടംഅഥവാ സംഘകാലഘട്ടത്തെക്കുറിച്ച് ആണ്.

സംഘകാലഘട്ടം

ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ വളരെ  സുപ്രധാന കാലഘട്ടമാണ് സംഘകാലഘട്ടം (ബിസി 300 മുതൽ എ ഡി 200 വരെ). ഈ കാലഘട്ടത്തിൽ, പാണ്ഡ്യൻ സാമ്രാജ്യത്തിന്റെ രക്ഷാകർതൃത്വത്തിൽ നിലനിന്നിരുന്ന തമിഴ് കവികളുടെ കൂട്ടായ്മയാണ് സംഘങ്ങൾ എന്ന് അറിയപ്പെടുന്നത്. ഈ കൂട്ടായ്മകളിലെ ഏകദേശം 473 കവികൾ (ഇതിൽ 102 അജ്ഞാതർ) രചിച്ച സാഹിത്യത്തെ സംഘസാഹിത്യം എന്നും അറിയപ്പെടുന്നു.

രാജകുടുംബാംഗങ്ങൾ, വ്യാപാരികൾ, ബ്രാഹ്മണർ, കർഷകർ എന്നിങ്ങനെ കവികൾ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇതിൽ 27 സ്ത്രീകളും ഉൾപ്പെടുന്നതായി പറയുന്നു. ഈ കവികളുടെ മൊത്തം 3 സംഗമം നടന്നതായി കരുതപ്പെടുന്നു. ആദ്യത്തെ രണ്ട് തവണ  സമാഹരിച്ചതും അവതരിപ്പിച്ചതുമായ സാഹിത്യകൃതികൾ കൂടുതലും നഷ്ടപ്പെട്ടു. മധുരയിൽ നടന്ന മൂന്നാമത്തെ സംഗമത്തിൽ നിരവധി തമിഴ് കവികൾ പങ്കെടുത്തിരുന്നെങ്കിലും മിക്ക കൃതികളും കാലക്രമേണ നഷ്ട്ടപ്പെട്ടു. ഈ കാലഘട്ടത്തിലെ ലഭ്യമായ കൃതികൾ പത്താം നൂറ്റാണ്ടിൽ രണ്ട് വിഭാഗങ്ങളായി തിരിക്കുകയും സമാഹരിക്കുകയും ചെയ്തു. ഇവയിലൊന്നാണ് തിരുക്കുറൽ. വ്യക്തിഗതവിജയത്തിനും സാമൂഹ്യനന്മയ്ക്കും ആവശ്യമായുള്ള മാനുഷികമൂല്യങ്ങളെ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ തിരുവള്ളുവർ.



തിരുക്കുറൽ

'പൊയ്യമോഴിപ്പുലവർ' (യഥാർത്ഥ മുനി) എന്നറിയപ്പെടുന്ന തിരുവള്ളുവർ എഴുതിയ പുരാതന തമിഴ് സാഹിത്യഗ്രന്ഥമാണ് തിരുക്കുറൽ. ചെന്നൈയിലെ മൈലാപൂരിൽ താമസിച്ചിരുന്ന ഒരു പണ്ഡിത കവിയായിരുന്നു തിരുവള്ളുവർ. 

തമിഴ് സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകൃതിയാണ് തിരുക്കുറൽ. സ്നേഹം, കുടുംബം, ദൈവത്വം, ആത്മാർത്ഥത, നേതൃത്വം, ഉത്തരവാദിത്തം, മറ്റ് സദ്ഗുണങ്ങൾ എന്നി വിഷയങ്ങൾ  തിരുക്കുറലിൽ ഉൾപ്പെടുന്നു. കുറലിന്റെ പരിധിയിൽ വരാത്ത ജീവിതത്തിന്റെ ഒരു വശവുമില്ലെന്ന് പറയാറുണ്ട്. മാനുഷികമൂല്യങ്ങൾ ഉയർത്തിക്കാണിച്ച് വരുംതലമുറയ്ക്ക് ഒരു പാഠം ആവുകയാണ് തിരുക്കുറലിന്റെ  ലക്ഷ്യം.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ അക്കാദമിക് സിലബസിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കുറൽ ഒരു മികച്ച തലമുറയെ രൂപപ്പെടുത്തുന്നതിന് അനുയോജ്യമാണെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക് സാഹിത്യഗ്രന്ഥമാണിത്.

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറലിനെ അക്ഷരാർത്ഥത്തിൽ "പവിത്ര വാക്യങ്ങൾ" എന്ന് വിവർത്തനം ചെയ്യാം. സദ്‌ഗുണം (ധർമ്മ), സമ്പത്ത് (അർത്ഥ), സ്നേഹം (കാമ) എന്നിവയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന 1,330 ഈരടികൾ / കുറലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.  ഓരോ ഈരടികളിലും  ഏഴ് പദങ്ങൾ ഉൾക്കൊള്ളുന്നു. ആദ്യ വരിയിൽ നാല് വാക്കുകളും രണ്ടാമത്തെതിൽ മൂന്ന് വാക്കുകളും അടങ്ങിയിരിക്കുന്നു.

കുറൽ 133 അധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്നു, ഓരോന്നിലും 10 ഈരടികൾ വീതം മൊത്തം 1,330 ഈരടികൾ ഉണ്ട്. തിരുക്കുറൽ ആരംഭിക്കുന്നത് ഒരു പ്രാർഥനയോടെയാണ്. തുടർന്ന് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവൻ നൽകിയതിന് മഴയെ പ്രശംസിക്കുന്നു. തിരുക്കുറൽ  നീതിമാനായ വ്യക്തിയുടെ ഗുണങ്ങളെ വിവരിക്കുന്നു. 
ഒരു കലാസൃഷ്ടി സൃഷ്ടിക്കുകയല്ല രചയിതാവിന്റെ പ്രധാന ലക്ഷ്യം എന്ന് കുറൽ വായിക്കുന്ന ഏതൊരു വായനക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാം. മറിച്ച് ജ്ഞാനം, നീതി, ധാർമ്മികത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രബോധന പാഠമാണ് ഈ ഗ്രന്ഥം.


വ്യാഖ്യാനങ്ങൾ

തമിഴ് ഭാഷയിൽ ഏറ്റവും അധികം പഠനവിഷയമായ കൃതിയാണ് തിരുക്കുറൽ. മധ്യകാലത്തെ പ്രമുഖ പത്ത് വ്യാഖ്യാതാക്കൾ എ.ഡി 10 നും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നു. മനക്കുഡവർ, ധരുമാർ, ധമാത്തർ, നാച്ചാർ, പരിദ്യാർ, തിരുമലയ്യാർ, മല്ലാർ, പാരി പെരുമാൾ, കലിംഗർ, പരിമേലഹാഗർ എന്നിവരാണ് അവ.

ഇവയിൽ മനക്കുദവർ, പരിധി, കലിംഗർ, പാരി പെരുമാൾ, പരിമേലഹാഗർ എന്നിവരുടെ കൃതികൾ മാത്രമേ ഇന്ന് ലഭ്യമാകൂ. കുറലിനെക്കുറിച്ചുള്ള ഏറ്റവും അറിയപ്പെടുന്നതും സ്വാധീനിച്ചതുമായ ചരിത്ര വ്യാഖ്യാനം എഴുതിയത് കാഞ്ചിപുരം സ്വദേശി
പരമേലലാഗർ ആണ്. തമിഴ്നാട്ടിൽ കുറൽ പാഠത്തോടൊപ്പം, ഈ വ്യാഖ്യാനം വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുകയും പഠിപ്പിക്കുകയും ചെയ്ത ഒന്നാണ്. പരിമേലഹാഗറിന്റെ വ്യാഖ്യാനം പല നാടോടി പണ്ഡിത പതിപ്പുകളിലും നൂറ്റാണ്ടുകളായി നിലനിൽക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തിരുക്കുറലിന്റെ നിരവധി ആധുനിക വ്യാഖ്യാനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവയിൽ, കവിരാജ പണ്ഡിത്തർ, യു. വി. സ്വാമിനാഥ അയ്യർ എന്നിവരുടെ വ്യാഖ്യാനങ്ങൾ ആധുനിക പണ്ഡിതന്മാർ ക്ലാസിക് ആയി കണക്കാക്കുന്നു.


വിവർത്തനങ്ങൾ

തമിഴ് സാഹിത്യത്തിൽ ഇത്രയധികം വിവർത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി ഉണ്ടാവില്ല. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി നിരവധി വിവർത്തനങ്ങളാണ് തിരുക്കുറലിനുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, ലാറ്റിൻ, മലായ്, പോർച്ചുഗീസ്, സ്പാനിഷ്, ചൈനീസ് തുടങ്ങി 27 വിദേശ ഭാഷകൾ ഉൾപ്പെടെ 35 ആഗോള ഭാഷകളിൽ തിരുക്കുറൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 96 പണ്ഡിതന്മാർ തിരുക്കുരലിനെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്. റവ. ജി.യു. പോപ്പ് എന്ന വ്യക്തിയാണ് ആദ്യമായി തിരുക്കുറളിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയത്. ചെന്നൈയിലെ ആദിവാസി സമൂഹമായ നരികുരവരുടെ ഭാഷയായ ‘വാഗ്രിബോളി’ എന്നതിലേക്കും പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

* ഇന്ത്യൻ ഭാഷകൾ: സംസ്‌കൃതം, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി, ഗുജറാത്തി, ഉറുദു

* ഇന്ത്യൻ ഇതര ഭാഷകൾ: ബർമീസ്, മലായ്, ചൈനീസ്, ഫിജിയൻ, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, പോളിഷ്, സ്വീഡിഷ്



മലയാളത്തിൽ

തിരുക്കുറലിന്റെ ആദ്യ മലയാളവിവർത്തനം 1595 ൽ ആണ് രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. കുറലിന്റെ ആദ്യത്തെ പേപ്പർ പ്രിന്റ് 1812ൽ  കണ്ടെത്താൻ കഴിഞ്ഞു. കൃതിയുടെ തുടർന്നുള്ള പതിപ്പുകൾ 1831, 1833, 1838, 1840, 1842 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അന്നുമുതൽ ഈ കൃതി മലയാളഭാഷയിൽ അച്ചടി തുടരുന്നു.


Tuesday, August 11, 2020

നാഷണൽ ഡെപ്പോസിറ്ററി സെന്ററുകൾ

 

എല്ലാ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും പകർപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി... ഏതൊരു വായനക്കാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും അങ്ങനെ ഒരിടം.
ഇത് സാധ്യമാണോ?

ഒരു പുസ്തകപ്രേമിയുടെ പ്രിയപ്പെട്ട വിഹാരകേന്ദ്രമാണ് ലൈബ്രറി. അവരെ സംബന്ധിച്ചിടത്തോളം അത് കേവലം പുസ്തകശേഖരണം എന്ന ആശയത്തിന് അതീതമാണ്. അറിവ് സൗന്ദര്യവുമായി സംയോജിപ്പിക്കുമ്പോൾ, ഫാന്റസി യാഥാർത്ഥ്യവുമായി കൂടിച്ചേരുന്ന ഒരു സന്ദർശനസ്ഥലമായി മാറുന്ന ഒരിടമാണ് ലൈബ്രറി.

ഇന്ത്യയിൽ പ്രസിദ്ധീകരിക്കപെടുന്ന ചെറുതും വലുതുമായ എല്ലാ പുസ്തകങ്ങളും, ആനുകാലികങ്ങളും, പത്രങ്ങളും ലഭിക്കുന്ന ലൈബ്രറികളാണ് നാഷണൽ ഡെപ്പോസിറ്ററി സെന്ററുകൾ. വിദേശത്തെ പ്രമുഖമായ എല്ലാ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.

അങ്ങനെ ഒന്നല്ല, നാലു  നാഷണൽ ഡെപ്പോസിറ്ററി സെന്ററുകൾ ഇന്ത്യയിൽ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.


1) കൊന്നമാര പബ്ലിക് ലൈബ്രറി (ചെന്നൈ )

ഇന്ത്യയിലെ നാല് ദേശീയ ഡിപോസിറ്ററി ലൈബ്രറികളിൽ ഏറ്റവും പ്രമുഖമാണ് ചെന്നൈയിലെ എഗ്മോറിൽ സ്ഥിതിചെയ്യുന്ന  കൊന്നമാര പബ്ലിക് ലൈബ്രറി. 1890 കളിലെ മദ്രാസ് സ്റ്റേറ്റ് ഗവർണറായിരുന്ന കൊന്നേമര പ്രഭുവാണ് 1896 ഡിസംബർ 5ന് ഈ ലൈബ്രറി ആരംഭിച്ചത്. എഗ്മോറിലെ പാന്തീയോൺ റോഡിൽ മദ്രാസ് മ്യൂസിയത്തിനും ആർട്ട് ഗ്യാലറിയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറിക്ക്‌ ഒരു കൊളോണിയൽ അന്തരീക്ഷമാണ് ഉള്ളത്. അർദ്ധ വൃത്താകൃതിയിലുള്ള മച്ച്, വലിയ തേക്ക് അലമാരകൾ, നീളൻ ഗ്ലാസ് ജനാലകൾ, മനോഹര കൊത്തുപണികൾ നിറഞ്ഞ ചുവരുകൾ ഇങ്ങനെ വളരെ നൊസ്റ്റാൾജിക്ക്‌ മൂഡ് നൽകുന്ന ഒരു വലിയ ലൈബ്രറിയാണ് കൊന്നമാര.


ലൈബ്രറി തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ തുറന്നു പ്രവർത്തിക്കുന്നു. 17 വയസ്സിന് മുകളിലുള്ള ആർക്കും വെറും 50 രൂപ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നൽകി അംഗമാകാം.


ഡെലിവറി ഓഫ് ബുക്സ് ആന്റ് ന്യൂസ് പേപ്പേഴ്സ് (പബ്ലിക് ലൈബ്രറീസ്) ആക്റ്റ് 1954 പ്രകാരം, ഇന്ത്യയിലെ ഓരോ പ്രസാധകനും നിർബന്ധിതമായി ഓരോ പ്രസിദ്ധീകരണത്തിന്റെയും ഒരു പകർപ്പ് ലൈബ്രറിയിലേക്ക് അയയ്ക്കണം. ഇതിനുപുറമെ യുഎന്നിന്റെയും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെയും ധാരാളം പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഇവിടെ ലഭിക്കും. സംസ്ഥാന സർക്കാർ ലഭ്യമാക്കിയ ഫണ്ടുകളിൽ നിന്ന് ഓരോ വർഷവും നിരവധി പുസ്തകങ്ങൾ ഇവിടെ പുതിയതായി വാങ്ങി ചേർക്കുന്നു.


2) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബോംബെ

അപൂർവമായ രേഖകൾ, പുസ്‌തകങ്ങൾ, ആനുകാലികങ്ങൾ, കൈയെഴുത്തുപ്രതികൾ, മാപ്പുകൾ എന്നിവയുടെ സമ്പന്നമായ ഒരു ശേഖരമാണ് മുംബൈയിലെ ഏഷ്യാറ്റിക് സൊസൈറ്റി. 1804 ൽ ബോംബെയിലെ ലിറ്റററി സൊസൈറ്റി എന്ന പേരിൽ ഇത് നിലവിൽ വന്ന ഈ ലൈബ്രറി 1830ൽ ടൗൺ‌ഹാളിലേക്ക് മാറ്റി. പ്രശസ്ത അഭിഭാഷകനായ സർ ജെയിംസ് മക്കിന്റോഷ് സ്ഥാപിച്ച ഈ ലൈബ്രറിയുടെ നിർമ്മാണചുമതല കേണൽ തോമസ് കൂപ്പർക്കായിരുന്നു. പതിന്നാലാം നൂറ്റാണ്ടിലെ ഡാന്റേയുടെ ഡിവൈൻ കോമഡിയുടെ കൈയെഴുത്തുപ്രതിയും ഫിർദൗസിയുടെ പേർഷ്യൻ ഇതിഹാസ കവിതയായ ഷഹനാമയുടെ പത്തൊൻപതാം നൂറ്റാണ്ടിലെ പകർപ്പും ഉൾപ്പെടെ മൂല്യമേറിയ മൂന്ന് ലക്ഷത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഈ ലൈബ്രറിയിലുണ്ട്.


ഭൂതകാല പ്രൗഢിയും ആധുനിക സൗകര്യങ്ങളും ബന്ധിപ്പിച്ച അതിമനോഹരമായ രൂപഘടനയാണ് ലൈബ്രറിയുടെത്. പ്രായപൂർത്തിയായവർക്ക് പ്രതിമാസം 125 രൂപയ്ക്ക് ലൈബ്രറിയിലേക്കുള്ള അംഗത്വം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസോടെ പ്രത്യേക അംഗത്വവും ഈ ലൈബ്രറിയിൽ നൽകുന്നു.


3) നാഷണൽ ലൈബ്രറി, കൊൽക്കത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ് കൊൽക്കത്തയിലെ അലിപൂറിലെ ബെൽ‌വെഡർ എസ്റ്റേറ്റിലെ നാഷണൽ ലൈബ്രറി. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ഈ ലൈബ്രറി. ബെൽവെഡർ എസ്റ്റേറ്റിലെ 30 ഏക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2.2 ദശലക്ഷം പുസ്തകങ്ങളുടെ ശേഖരം.


1953 ഫെബ്രുവരി 1 ന് മൗലാന അബ്ദുൾ കലാം ആസാദ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ബി. എസ്. കേശവനെ ആദ്യത്തെ ലൈബ്രേറിയനായി നിയമിച്ചു. പബ്ലിക് ലൈബ്രറി ഇംപീരിയൽ ലൈബ്രറികളുമായി ലയിപ്പിച്ചതിന്റെ ഫലമായിയാണ് ഈ ദേശീയ ലൈബ്രറി സ്ഥാപിതമായത്.


പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെയും ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ  രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കും. 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ ലൈബ്രറിയിൽ അംഗമാകാം.


4) ദില്ലി പബ്ലിക് ലൈബ്രറി

1951 ഒക്ടോബർ 27 ന് യുനെസ്കോയും ഇന്ത്യാ ഗവൺമെന്റും സ്പോൺസർ ചെയ്ത ഒരു പൈലറ്റ് പ്രോജക്റ്റായി ഇത് സ്ഥാപിച്ച ഒരു ദേശീയ ഡിപോസിറ്ററി ലൈബ്രറിയാണ് ദില്ലി പബ്ലിക് ലൈബ്രറി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഈ  ലൈബ്രറി ഉദ്ഘാടനം ചെയ്തു. 18 ലക്ഷത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം ലൈബ്രറിയിൽ അടങ്ങിയിരിക്കുന്നു.


തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ പബ്ലിക് ലൈബ്രറിയാണ് ദില്ലി പബ്ലിക് ലൈബ്രറി. സോണൽ ലൈബ്രറികൾ, ബ്രാഞ്ചുകൾ, ഉപബ്രാഞ്ചുകൾ, ആർ. സി. ലൈബ്രറികൾ, കമ്മ്യൂണിറ്റി ലൈബ്രറികൾ, ഡെപ്പോസിറ്റ് സ്റ്റേഷനുകൾ, മൊബൈൽ ലൈബ്രറി, ബ്രെയ്‌ലി ലൈബ്രറി തുടങ്ങിയവയുടെ ഒരു ഒരു വലിയ ശൃംഖല തന്നെ ഈ ലൈബ്രറിയിൽ ഉണ്ട്. 


ഉപയോക്താക്കൾക്ക് ഒറ്റത്തവണ സബ്സ്ക്രിപ്ഷനിൽ ലൈബ്രറിയും പുസ്തകങ്ങളും ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.00 മുതൽ രാത്രി 7.00 വരെയും ഞായർ / അവധി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകുന്നേരം 5.00 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കും.


ദേശീയ ഡിപോസിറ്ററി കേന്ദ്രങ്ങൾ എന്ന ഈ ലൈബ്രറികൾ യുനെസ്കോയുടെ സഹകരണത്തോടെ ഇന്ത്യൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നു. ഓരോ വർഷവും ഈ ലൈബ്രറികൾക്ക് അവരുടെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും അവർ ഫണ്ട് നൽകുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങളുടെ ഈ അപൂർവശേഖരം  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വളരെയധികം ഉപയോഗപ്രദമാണ്. കോപ്പികൾ ലഭ്യമല്ലാത്ത പുസ്തകങ്ങൾ തേടി ഇനി മറ്റെങ്ങും പോകണ്ട. നിങ്ങൾ തിരയുന്ന പുസ്തകവും ആനുകാലികവും പ്രസിദ്ധീകരണവും ലഭിക്കുന്ന ഇടമാണ് നാഷണൽ ഡിപ്പോസിറ്ററി സെന്ററുകൾ.



Sunday, August 2, 2020

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ


രാമായണത്തിലെ 25 സ്ത്രീ കഥാപാത്രങ്ങൾ 


രാമായണം, രാമന്റെ ജീവിതയാത്രയെ  വിവരിക്കുന്ന ഈ പുരാതനഗ്രന്ഥത്തിന്റെ ആരംഭം വാൽമീകി മഹർഷിയിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. എന്നാൽ നൂറ്റാണ്ടുകൾ നീണ്ട ഈ കാലയളവിൽ രാമായണത്തിന് ചെറുതും വലുതുമായ നിരവധി പതിപ്പുകളും പരിഭാഷകളും ഉണ്ടായിട്ടുണ്ട്. പല ഭാഷയിൽ, പല രാജ്യത്ത്, പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു ഈ രാമകഥ. പൊതുവായ കഥതന്തുവിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും ഇവയിൽ നിരവധി അംശങ്ങൾ കൂട്ടി ചേർക്കപ്പെടുകയും മറന്നു കളയപെടുകയും ചെയ്തിട്ടുണ്ട്.

രാമന്റെയും സീതയുടെയും ജീവിതത്തെ വിവരിക്കുന്ന ഗ്രന്ഥം എന്നതിനപ്പുറത്തേക്ക് ശ്രദ്ധനേടത്തക്കവിധം കാമ്പുള്ള ഒട്ടനവധി കഥാപാത്രങ്ങൾ രാമായണത്തിൽ ഉണ്ട്. എന്നാൽ കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ഇവയിൽ പലതും നിറംമങ്ങി പുറകിലേക്കു മാറ്റപ്പെടുകയും ഉണ്ടായി.

അതിശക്തരും കഥാഗതിയെ മാറ്റിമറിക്കാൻ പ്രാപ്തരുമായിട്ടുള്ള നിരവധി സ്ത്രീകഥാപാത്രങ്ങൾ രാമായണത്തിൽ ഉണ്ട്.
മുഖ്യകഥാതന്തുവിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ വേണ്ടിയോ മറ്റോ ആയിരിക്കണം ആ കഥാപാത്രങ്ങളെ കൂടുതൽ വിവരിക്കാതെ കടന്നുപോയത്. സീത, മണ്ഡോദരി, കൈകേയി, മന്ദര,  കൗസല്യ എന്നീ കഥാപാത്രങ്ങൾക്ക് മാത്രമാണ് കുറച്ചെങ്കിലും ദീർഘമായ വിവരണം രാമായണത്തിൽ ലഭിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യത്തിന്റെയുംത്യാഗമനോഭാവത്തിന്റെയും സ്നേഹതീക്ഷ്ണതയുടെയും പ്രതിരൂപമായ മനോഹരകഥാപാത്രങ്ങൾ വേറെയും ഉണ്ടായിട്ടും അവർക്ക് ലഭിക്കേണ്ട പരിഗണന നൽകുവാൻ പല പരിഭാഷകൾക്കും സാധിച്ചിട്ടില്ല. പല കഥാപാത്രങ്ങളും രാമനുമായുള്ള കൂടികാഴ്ചാവേളയിൽ മാത്രം വിവരിക്കപ്പെടുകയും അവരുടെ ഭൂതകാലമോ ഭാവികാലമോ മരണം പോലും വെളിപ്പെടുത്താതെ കടന്നു പോകുകയും ചെയ്തു.


പലപ്പോഴും കഥയിലെ ശക്തമായ വഴിത്തിരിവുകളിൽ കാരണമായിത്തീർന്ന ഇത്തരം കഥാപാത്രങ്ങളിലേക്ക് ഉള്ള ഒരു തിരിഞ്ഞു നോക്കലാണ് ഈ ലേഖനം. എത്രത്തോളം പരിഭാഷ രാമായണത്തിനു ഉണ്ടോ അത്രത്തോളം വ്യത്യസ്തകഥകളാണ് നിലവിലുള്ളത്. ആയതിനാൽ പൊതുവായി സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിച്ച് രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന 25 സ്ത്രീകഥാപാത്രങ്ങൾ നമുക്ക് പരിചയപ്പെടാം.

മനുഷ്യമൂല്യങ്ങളുടെയും മനോഗതങ്ങളുടെയും വ്യത്യസ്ത ഭാവങ്ങൾ നമുക്കായി തുറന്ന് തന്ന രാമായണത്തിലെ 25 സ്ത്രീകഥാപാത്രങ്ങൾ. ജീവിതപ്രശ്നങ്ങളെ വ്യക്തമായ കാഴ്ചപ്പാടുകളും തീരുമാനങ്ങളും കൊണ്ട് നേരിട്ടവർ. പലപ്പോഴും ഒരു പേര് എന്നതിനപ്പുറത്തേക്ക് നമുക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. ഇന്നത്തെ നമ്മുടെ വായന അവരിലേക്ക് തുറന്നിടാം. അവരെ അറിയാം, ഓർക്കാം, മനസ്സിൽ ഇടം കൊടുക്കാം.

രാമായണം രാമന്റെ മാത്രം കഥയല്ല മറ്റു പലരുടെയും കഥ കൂടിയാണ്.


1) ഇന്ദുമതി - ദശരഥന്റെ അമ്മ. ഹരിണീ എന്ന ദേവത സന്യാസശാപമേറ്റ് ഭൂമിയിൽ മനുഷ്യരൂപത്തിൽ ജനിച്ചതാണ് ഇന്ദുമതി. വിദർഭയിലെ രാജകുമാരിയും ഭോജരാജാവ് മകളുമായി ജനിച്ച ഇന്ദുമതി പിന്നീട്  കോസലരാജ്യത്തെ രാജാവ് അജനെ വിവാഹം ചെയ്യുകയും ദശരഥന് ജന്മം നൽകുകയും ചെയ്യുന്നു. ദശരഥനു എട്ടു മാസം പ്രായമുള്ളപ്പോഴാണ് ഇന്ദുമതിക്ക്‌ ശാപമോഷം ലഭിക്കുന്നത്. നാരദമഹർഷി ആകാശത്തിലൂടെ സഞ്ചരിക്കവെ,  അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടി ഭൂമിയിലേക്ക് പതിക്കുകയും അത് ദേഹത്ത് വീണ ആഘാതത്തിൽ ഇന്ദുമതി മരണമടയുകയും ചെയ്യുന്നു. എന്നാൽ ഇന്ദുമതിയുടെ മരണം മഹാരാജാവിനെ തളർത്തി. ദുഃഖം താങ്ങാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു.

2) കൗസല്യ - ദശരഥമഹാരാജാവിന്റെ ആദ്യഭാര്യ. കോസലരാജ്യത്തെ സുകൗശൽ രാജാവിന്റെയും അമൃതപ്രഭ രാജ്ഞിയുടെ മകളാണ് കൗസല്യ. അംഗരാജാവായ ലോമപാദന്റെ ഭാര്യയായ വർഷിണി കൗസല്യയുടെ സഹോദരിയാണ്. ധനുമാതാ എന്ന് പേരായ ഒരു സഹോദരനും കൗസല്യയ്ക്ക് ഉണ്ടായിരുന്നു. ദശരഥനിൽ  ശാന്ത എന്ന് പേരായ മകളും ശ്രീരാമൻ എന്ന മകനും കൗസല്യയ്ക്ക് ജനിച്ചു.

3) കൈകേയി - ദശരഥന്റെ രണ്ടാം ഭാര്യ. കൈകേയ രാജാവായ അശ്വതിയുടെ മകൾ. യുദ്ധജിത്തുൾപ്പെടെ നാലു സഹോദരന്മാരുടെ ഏക സഹോദരി.  അതിസുന്ദരിയായ കൈകേയി ദശരഥരാജാവിനെ കാശ്മീരിൽ വെച്ച് കണ്ടുമുട്ടുകയും പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്യുന്നു.  ഭരതൻ കൈകേയുടെ പുത്രനാണ്.

4) സുമിത്ര - ദശരഥന്റെ മൂന്നാം ഭാര്യ. കാശിരാജകുമാരിയായ സുമിത്രയുടെ മക്കളാണ് ലക്ഷ്മണനും ശത്രുഘ്നനും.

5) ശാന്ത - ദശരഥനും കൗസല്യയും മകൾ. രാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്മാരുടെ മൂത്ത സഹോദരി. ദശരഥന്റെ സുഹൃത്തായ അംഗരാജാവ് ലോമപാദനു മക്കൾ ഇല്ലാത്തതിനാൽ ശാന്തയെ അദ്ദേഹത്തിന് വളർത്താൻ നൽകുകയായിരുന്നു. ശാന്തയുടെ വളർത്തമ്മ ആയ വർഷിണി കൗസല്യയുടെ സഹോദരിയാണ്. പിന്നീട് വിഭാണ്ടകമഹർഷിയുടെ മകനായ ഋഷ്യശൃംഗൻ ശാന്തയെ വിവാഹം ചെയ്തു.  രാമായണത്തെക്കാൾ കൂടുതൽ വിവരണം ശാന്തയെകുറിച്ച് മഹാഭാരതത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 


6) സീത - ലക്ഷ്മിദേവിയുടെ അവതാരവും ഭൂമിദേവിയുടെ പുത്രിയുമായിയാണ് സീത കരുതപ്പെടുന്നത്.  മിഥിലരാജ്യത്തെ ജനക മഹാരാജാവും സുനൈറാണിയും സീതയെ  എടുത്ത്  വളർത്തുന്നു. ഇവരുടെ മകളായ ഊർമ്മിള സീതയുടെ സഹോദരിയാണ്.  മിഥിലയിലെ രാജകുമാരി ആയതിനാൽ മൈഥിലി എന്നും വൈദേഹരാജ്യത്തെ രാജകുമാരി ആയതിനാൽ വൈദേഹി എന്നും ജനകരാജാവിന്റെ മകൾ ആയതിനാൽ ജാനകി എന്നും സീത അറിയപ്പെടുന്നു.  സ്വയംവരത്തിലൂടെയാണ് അയോധ്യരാജകുമാരനായ ശ്രീരാമൻ സീതയെ വിവാഹം ചെയ്യുന്നത്.  തന്റെ മക്കളായ ലവകുശന്മാരെ ഭർത്താവായ ശ്രീരാമനെ ഏൽപ്പിച്ച ശേഷം തന്റെ മാതാവായ ഭൂമിയിലേക്ക് സീത മടങ്ങിപ്പോയി എന്നാണ് കഥ.  ഭരതന്റെ ഭാര്യയായ മാണ്ഡവിയും ശത്രുഘ്നഭാര്യയായ ശ്രുതകീർത്തിയും സീതയുടെ അർദ്ധസഹോദരിമാരാണ്. ജനകമഹാരാജാവിന്റെ സഹോദരന്റെ മക്കളാണ് ഇരുവരും.

7) മാണ്ഡവി - ഭരതന്റെ ഭാര്യ. ജനകരാജാവിന്റെ സഹോദരനും
സാങ്കസ്യരാജ്യത്തിന്റെ രാജാവായ കുശധ്വജൻരാജാവിന്റെയും ഭാര്യ ചന്ദ്രഭാഗയുടെ മകൾ. ശ്രുതകീർത്തി എന്നാണ് സഹോദരിയുടെ പേര്. തക്ഷ,  പുഷ്കല എന്ന് പേരായ രണ്ടു പുത്രന്മാരും മാണ്ഡവി ഭരതദമ്പതികൾക്ക് ഉണ്ട്.

8) ഊർമിള - ലക്ഷ്മണന്റെ ഭാര്യ. മിഥിലയിലെ ജനകരാജാവിന്റെയും സുനൈന രാജ്ഞിയുടെയും മകളും സീതയുടെ അനുജത്തിയുമായിരുന്നു. രാമന്റെ 14 വർഷത്തെ വനവാസകാലത്ത് ഊർമിള ലക്ഷ്മണനു വേണ്ടി കാത്തിരുന്നു. ദശരഥനെയും ഭാര്യമാരെയും പരിപാലിച്ച് അവൾ കൊട്ടാരത്തിൽ താമസിച്ചു. അംഗദൻ, ചന്ദ്രകേതു എന്നീ പേരായ രണ്ടു പുത്രന്മാർ ഊർമിള ലക്ഷ്മണ ദമ്പതികൾക്ക്‌  ഉണ്ടായിരുന്നു.

9) ശ്രുതകീർത്തി - ശത്രുഘനന്റെ ഭാര്യ. അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു, ശത്രുഘതി, സുബാഹു. സാങ്കസ്യയിലെ കുശധ്വജരാജാവിന്റെയും ചന്ദ്രഭാഗരാജ്ഞിയുടെയും മകളായിരുന്നു. മാണ്ഡവിയുടെ സഹോദരിയും സീതയുടെ അർദ്ധസഹോദരിയുമാണ്.

10) സുനൈന - മിഥിലയിലെ ജനകരാജാവിന്റെ ഭാര്യ. ഊർമിളയുടെ അമ്മയും സീതയുടെ വളർത്തു അമ്മയുമായിരുന്നു. നാഗരാജാവായ വാസുകിയുടെ കണ്ണുനീരിൽ നിന്നാണ് ജനിച്ചതെന്നും ദേവി പാർവതിയുടെ മാർഗനിർദേശപ്രകാരം നർമദ നദീദേവി സുനൈനയെ എടുത്ത് വളർത്തിയതായും വിശ്വസിക്കപ്പെടുന്നു.


11) മണ്ഡോദരി - രാവണന്റെ ഭാര്യ. അസുരരാജാവായ മായാസുരന്റെയും ഹേമ എന്ന അപ്‌സരയുടെയും മകളായിരുന്നു. പഞ്ചകന്യരിൽ ഒരാളായി കണക്കാക്കുന്നു. രാവണ മണ്ഡോദരി ദമ്പതികൾക്ക് മേഘനാഥൻ, അക്ഷയകുമാരൻ എന്നീ പേരായ രണ്ട് ആൺമക്കളുണ്ടായിരുന്നു. രാവണന്റെ മരണശേഷം വിഭീഷണനെ വിവാഹം കഴിക്കാൻ ശ്രീരാമൻ നിർദേശിച്ചു  എന്നാൽ വിവാഹം നടന്നതായി രാമായണത്തിൽ പരാമർശിച്ചിട്ടില്ല.

12) ധന്യമാലിനി - രാവണന്റെ രണ്ടാം ഭാര്യ. അവർക്ക് അതികായൻ, നരാന്തകൻ, ദേവന്തകൻ, ത്രിഷിരൻ, പ്രഹസ്തൻ എന്നീ 5 ആൺമക്കളുണ്ടായിരുന്നു. മായാസുരന്റെയും ഹേമയുടെയും മകളും മണ്ഡോദരിയുടെ സഹോദരിയുമായിരുന്നു ധന്യമാലിനി.

13) വജ്രമാല - കുംഭകർണ്ണന്റെ ഭാര്യ. കുംഭൻ, നികുംഭൻ എന്നീ പേരായ രണ്ട് ആൺമക്കളുണ്ടായിരുന്നു. മഹാബലിയുടെ മകളും, പ്രഹ്ലാദന്റെ മകനായ വിരോചനന്റെ ചെറുമകളുമായിരുന്നു. ബാനാസുരൻ,  രത്‌നമാല എന്നീ പേരായ രണ്ട് സഹോദരങ്ങളും വജ്രമാലക്ക്‌ ഉണ്ടായിരുന്നു.

14) കർകതി - കുംഭകർണ്ണന്റെ ഭാര്യ. അവർക്ക് ഭീമസുരൻ എന്നൊരു മകനുണ്ടായിരുന്നു. അവൾ സയാദ്രിയുടെ രാജകുമാരിയായിരുന്നു.

15) സരമ - വിഭീഷണന്റെ ഭാര്യ. അവർക്ക് ത്രിജാത എന്ന മകളുണ്ടായിരുന്നു. ശൈലശയുടെ മകളായിരുന്നു സരമ. സീത  ലങ്കയിലായിരിക്കുമ്പോൾ സംരക്ഷണ ചുമതല സരമക്കായിരുന്നു. അവൾ സീതയോട് വളരെ സൗഹാർദ്ദപരമായി പെരുമാറി.


16) ശൂർപണഖ - രാവണൻ, കുംഭകർണ്ണൻ, വിഭിഷണൻ എന്നിവരുടെ സഹോദരി. ഋഷി വിശ്വരയുടെയും കൈകാഷിയുടെയും മകളായിരുന്നു. മീനാക്ഷി എന്നായിരുന്നു അവളുടെ യഥാർത്ഥ പേര്. വിദ്യാത്‌ജുവ (ദുഷ്ടബുധി) എന്ന ദാനവയെ വിവാഹം കഴിച്ച അവൾക്ക് ശംഭ്രി എന്നൊരു മകനുണ്ടായിരുന്നു. പിന്നീട് വിദ്യാത്ജുവയെ രാവണൻ വധിക്കുകയും മീനാക്ഷി കൊട്ടാരത്തിലും വനത്തിലുമായി പാർക്കുകയും ചെയ്തു. രാമനും  ലക്ഷ്മണനും നിരസിച്ചതിൽ പ്രകോപിതയായി സീതയെ ആക്രമിച്ചതിനാൽ ലക്ഷ്മണൻ മീനാക്ഷിയെ  അംഗവിച്ഛേദം ചെയ്തു.

17) ത്രിജാത - വിഭീഷണന്റെയും സരമയുടെയും മകൾ. ലങ്കയിൽ ആയിരുന്നപ്പോൾ അമ്മയെപ്പോലെ സീതയുമായി സൗഹൃദത്തിലായിരുന്നു. ലങ്കയിലെ സീതയുടെ സുരക്ഷയുടെ ചുമതല ത്രിജാതക്കായിരുന്നു.

18) സുലോചന - രാവണന്റെ മകനായ  മേഘനാഥന്റെ ഭാര്യ. നാഗരാജാവായ വാസുകിയുടെ മകളായിരുന്നു. സഹോദരി സുനൈനയ്‌ക്കൊപ്പം (സീതയുടെ വളർത്തു അമ്മ) വാസുകിയുടെ കണ്ണുനീരിൽ നിന്നാണ് സുലോചന ജനിച്ചതെന്ന് വിശ്വസിക്കപ്പെട്ടു. പ്രമീല എന്നും വിളിക്കപെട്ടിരുന്നു.

19) താര - കിഷ്കിന്ദ രാജാവായ ബാലിയുടെ ഭാര്യ. വാനരവൈദ്യൻ സുശേനയുടെ മകളായിരുന്നു താര. ബാലി താര ദമ്പതികൾക്ക് അംഗദൻ എന്നൊരു മകനുണ്ടായിരുന്നു. ബാലിയുടെ മരണശേഷം ശ്രീരാമന്റെ നിർദേശപ്രകാരം അവൾ സഹോദരൻ സുഗ്രീവനെ വിവാഹം കഴിച്ചു.

20) രുമ - സുഗ്രീവയുടെ ഭാര്യ. കിഷ്കിന്ദയിൽ ബാലി ഇല്ലാതിരുന്നപ്പോൾ സുഗ്രീവൻ ബാലിയുടെ ഭാര്യയായ താരയെ സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോൾ ശിക്ഷയായി ബാലി രുമയെ ഭാര്യയാക്കി മാറ്റി. ഇതാണ് സുഗ്രിവന് ബാലിയോട് ദേഷ്യം തോന്നുവാൻ കാരണം.


 21) കൈകേഷി - രാവണന്റെ മാതാവ്. അസുരരാജാവായ സുമലിയുടെയും ഗന്ധർവ രാജകുമാരിയായ കേതുമാഷിയുടെയും മകളായിരുന്നു. വിശ്വരവമുനിയെ വിവാഹം കഴിച്ച കൈകേഷിക്ക്‌  3 ആൺമക്കളും (രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ) ഒരു മകളും (മീനാക്ഷി - ശൂർപ്പണഖ) ഉണ്ടായിരുന്നു.

22) മന്ദര - കൈകേയി രാജ്ഞിയുടെ ദാസി. കുട്ടിക്കാലം മുതലേ കൈകേയിയെ പരിപാലിച്ച അവർ കൈകേയി ദശരഥനെ വിവാഹം കഴിച്ചപ്പോൾ അയോദ്ധ്യയിലെത്തി. കൈകേയിയോടുള്ള അമിതമായ കൂർ തെറ്റായ രീതിയിൽ ഉപയോഗിച്ച് കഥയുടെ പ്രധാന വഴിത്തിരിവിന് കാരണമാകുന്നത് മന്ദര.

23) അഞ്ജന - ഹനുമാന്റെ അമ്മ. പുഞ്ചികസ്താല എന്ന അപ്സരസായിരുന്ന അവൾ, പിന്നീട് അഞ്ജന എന്ന വാനരരാജകുമാരിയായി ഭൂമിയിൽ ജനിച്ചു. വാനരമേധാവിയായ കേസാരിയെ വിവാഹം കഴിച്ചു. ശിവന്റെ അനുഗ്രഹം വായുദേവനിലൂടെ ലഭിച്ചു ഹനുമാൻ എന്ന മകൻ ജനിച്ചു.

24) താടക - അഗസ്ത്യമുനിയെ വശീകരിക്കാൻ ശ്രമിച്ചതിന്റെ ഫലമായി രാക്ഷസിയായി രൂപാന്തരപ്പെട്ട ഒരു യുവതിയായിരുന്നു താടക. ആളുകളെ കൊല്ലുകയും അവരുടെ രക്തം കുടിക്കുകയും ചെയ്ത പോന്ന താടകയെ രാമൻ വധിച്ചതോടെ താടകക്ക്‌  ശാപമോക്ഷം ലഭിച്ചു.

25) മേനക - ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മർദ്ദനം നടത്തിയ സമയത്ത് ആണ് മേനക ജനിച്ചത്. വിശ്വാമിത്ര മുനിയെ വശീകരിക്കാൻ ഭൂമിയിലേക്ക് അയച്ച ഒരു അപ്‌സരയായിരുന്നു അവൾ. എന്നാൽ അവർ പ്രണയത്തിലായി, ശകുന്തള എന്ന മകളുണ്ടായി. ശകുന്തളയുടെ മകൻ ഭരതൻ പാണ്ഡവരുടെയും കൗരവരുടെയും പൂർവ്വികനായിരുന്നു. രാമായണത്തിലെ ബാല കാണ്ഡത്തിലാണ് മേനകയുടെ കഥ പരാമർശിച്ചിരിക്കുന്നത്.

അർത്ഥവത്തായ ജീവിതം നയിച്ച 25  സ്ത്രീ കഥാപാത്രങ്ങൾ. അവരുടെ ജീവിതം രാമായണത്തിൽ പൂർണ്ണമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും അവർ ഓരോരുത്തരും കഥാഗതിയെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന്  വിവരണങ്ങൾ തെളിയിക്കുന്നു. മാനുഷികമൂല്യങ്ങളെ പ്രതിനിധീകരിക്കുകയും യഥാർത്ഥ മനുഷ്യവികാരങ്ങളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ആണ് ഇവർ ഓരോരുത്തരും. കാഴ്ചപ്പാടിന്റെയും തീരുമാനങ്ങളുടെയും അസ്തിത്വത്തിന്റെയും വ്യത്യസ്തമുഖങ്ങളായ ഈ കഥാപാത്രങ്ങൾ  മനുഷ്യസ്വഭാവത്തിന്റെ സാർവത്രികസമീപനം പ്രകടമാക്കുന്നു. ഇവരുടെ ജീവിതവും ത്യാഗബോധവും രാമായണത്തെ രാമന്റെ യാത്ര മാത്രമല്ല, അവരുടെ സ്വന്തം യാത്രയായി പരിണിതപെടുത്തുന്നു.

നന്ദി



വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം

  മലയാള സാഹിത്യകാരൻ വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം . * മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്...