തിരുക്കുറൽ എന്ന ഗ്രന്ഥത്തെ കുറിച്ച് കേൾക്കാത്തവരായി ദക്ഷിണേന്ത്യയിൽ അധികം ആരും ഉണ്ടാകുകയില്ല. തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറലിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം അറിയേണ്ടത് അത് എഴുതപ്പെട്ട കാലഘട്ടംഅഥവാ സംഘകാലഘട്ടത്തെക്കുറിച്ച് ആണ്.
സംഘകാലഘട്ടം
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ വളരെ സുപ്രധാന കാലഘട്ടമാണ് സംഘകാലഘട്ടം (ബിസി 300 മുതൽ എ ഡി 200 വരെ). ഈ കാലഘട്ടത്തിൽ, പാണ്ഡ്യൻ സാമ്രാജ്യത്തിന്റെ രക്ഷാകർതൃത്വത്തിൽ നിലനിന്നിരുന്ന തമിഴ് കവികളുടെ കൂട്ടായ്മയാണ് സംഘങ്ങൾ എന്ന് അറിയപ്പെടുന്നത്. ഈ കൂട്ടായ്മകളിലെ ഏകദേശം 473 കവികൾ (ഇതിൽ 102 അജ്ഞാതർ) രചിച്ച സാഹിത്യത്തെ സംഘസാഹിത്യം എന്നും അറിയപ്പെടുന്നു.
തിരുക്കുറൽ
'പൊയ്യമോഴിപ്പുലവർ' (യഥാർത്ഥ മുനി) എന്നറിയപ്പെടുന്ന തിരുവള്ളുവർ എഴുതിയ പുരാതന തമിഴ് സാഹിത്യഗ്രന്ഥമാണ് തിരുക്കുറൽ. ചെന്നൈയിലെ മൈലാപൂരിൽ താമസിച്ചിരുന്ന ഒരു പണ്ഡിത കവിയായിരുന്നു തിരുവള്ളുവർ.
തമിഴ് സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകൃതിയാണ് തിരുക്കുറൽ. സ്നേഹം, കുടുംബം, ദൈവത്വം, ആത്മാർത്ഥത, നേതൃത്വം, ഉത്തരവാദിത്തം, മറ്റ് സദ്ഗുണങ്ങൾ എന്നി വിഷയങ്ങൾ തിരുക്കുറലിൽ ഉൾപ്പെടുന്നു. കുറലിന്റെ പരിധിയിൽ വരാത്ത ജീവിതത്തിന്റെ ഒരു വശവുമില്ലെന്ന് പറയാറുണ്ട്. മാനുഷികമൂല്യങ്ങൾ ഉയർത്തിക്കാണിച്ച് വരുംതലമുറയ്ക്ക് ഒരു പാഠം ആവുകയാണ് തിരുക്കുറലിന്റെ ലക്ഷ്യം.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ അക്കാദമിക് സിലബസിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കുറൽ ഒരു മികച്ച തലമുറയെ രൂപപ്പെടുത്തുന്നതിന് അനുയോജ്യമാണെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക് സാഹിത്യഗ്രന്ഥമാണിത്.
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറലിനെ അക്ഷരാർത്ഥത്തിൽ "പവിത്ര വാക്യങ്ങൾ" എന്ന് വിവർത്തനം ചെയ്യാം. സദ്‌ഗുണം (ധർമ്മ), സമ്പത്ത് (അർത്ഥ), സ്നേഹം (കാമ) എന്നിവയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന 1,330 ഈരടികൾ / കുറലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഓരോ ഈരടികളിലും ഏഴ് പദങ്ങൾ ഉൾക്കൊള്ളുന്നു. ആദ്യ വരിയിൽ നാല് വാക്കുകളും രണ്ടാമത്തെതിൽ മൂന്ന് വാക്കുകളും അടങ്ങിയിരിക്കുന്നു.
വ്യാഖ്യാനങ്ങൾ
തമിഴ് ഭാഷയിൽ ഏറ്റവും അധികം പഠനവിഷയമായ കൃതിയാണ് തിരുക്കുറൽ. മധ്യകാലത്തെ പ്രമുഖ പത്ത് വ്യാഖ്യാതാക്കൾ എ.ഡി 10 നും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നു. മനക്കുഡവർ, ധരുമാർ, ധമാത്തർ, നാച്ചാർ, പരിദ്യാർ, തിരുമലയ്യാർ, മല്ലാർ, പാരി പെരുമാൾ, കലിംഗർ, പരിമേലഹാഗർ എന്നിവരാണ് അവ.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തിരുക്കുറലിന്റെ നിരവധി ആധുനിക വ്യാഖ്യാനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവയിൽ, കവിരാജ പണ്ഡിത്തർ, യു. വി. സ്വാമിനാഥ അയ്യർ എന്നിവരുടെ വ്യാഖ്യാനങ്ങൾ ആധുനിക പണ്ഡിതന്മാർ ക്ലാസിക് ആയി കണക്കാക്കുന്നു.
വിവർത്തനങ്ങൾ
തമിഴ് സാഹിത്യത്തിൽ ഇത്രയധികം വിവർത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി ഉണ്ടാവില്ല. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി നിരവധി വിവർത്തനങ്ങളാണ് തിരുക്കുറലിനുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, ലാറ്റിൻ, മലായ്, പോർച്ചുഗീസ്, സ്പാനിഷ്, ചൈനീസ് തുടങ്ങി 27 വിദേശ ഭാഷകൾ ഉൾപ്പെടെ 35 ആഗോള ഭാഷകളിൽ തിരുക്കുറൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 96 പണ്ഡിതന്മാർ തിരുക്കുരലിനെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്. റവ. ജി.യു. പോപ്പ് എന്ന വ്യക്തിയാണ് ആദ്യമായി തിരുക്കുറളിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയത്. ചെന്നൈയിലെ ആദിവാസി സമൂഹമായ നരികുരവരുടെ ഭാഷയായ ‘വാഗ്രിബോളി’ എന്നതിലേക്കും പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
* ഇന്ത്യൻ ഭാഷകൾ: സംസ്‌കൃതം, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി, ഗുജറാത്തി, ഉറുദു
* ഇന്ത്യൻ ഇതര ഭാഷകൾ: ബർമീസ്, മലായ്, ചൈനീസ്, ഫിജിയൻ, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, പോളിഷ്, സ്വീഡിഷ്
മലയാളത്തിൽ
തിരുക്കുറലിന്റെ ആദ്യ മലയാളവിവർത്തനം 1595 ൽ ആണ് രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. കുറലിന്റെ ആദ്യത്തെ പേപ്പർ പ്രിന്റ് 1812ൽ കണ്ടെത്താൻ കഴിഞ്ഞു. കൃതിയുടെ തുടർന്നുള്ള പതിപ്പുകൾ 1831, 1833, 1838, 1840, 1842 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അന്നുമുതൽ ഈ കൃതി മലയാളഭാഷയിൽ അച്ചടി തുടരുന്നു.



No comments:
Post a Comment