എല്ലാ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും പകർപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി... ഏതൊരു വായനക്കാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും അങ്ങനെ ഒരിടം.
ഇത് സാധ്യമാണോ?
ഒരു പുസ്തകപ്രേമിയുടെ പ്രിയപ്പെട്ട വിഹാരകേന്ദ്രമാണ് ലൈബ്രറി. അവരെ സംബന്ധിച്ചിടത്തോളം അത് കേവലം പുസ്തകശേഖരണം എന്ന ആശയത്തിന് അതീതമാണ്. അറിവ് സൗന്ദര്യവുമായി സംയോജിപ്പിക്കുമ്പോൾ, ഫാന്റസി യാഥാർത്ഥ്യവുമായി കൂടിച്ചേരുന്ന ഒരു സന്ദർശനസ്ഥലമായി മാറുന്ന ഒരിടമാണ് ലൈബ്രറി.
ഇന്ത്യയിൽ പ്രസിദ്ധീകരിക്കപെടുന്ന ചെറുതും വലുതുമായ എല്ലാ പുസ്തകങ്ങളും, ആനുകാലികങ്ങളും, പത്രങ്ങളും ലഭിക്കുന്ന ലൈബ്രറികളാണ് നാഷണൽ ഡെപ്പോസിറ്ററി സെന്ററുകൾ. വിദേശത്തെ പ്രമുഖമായ എല്ലാ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.
അങ്ങനെ ഒന്നല്ല, നാലു നാഷണൽ ഡെപ്പോസിറ്ററി സെന്ററുകൾ ഇന്ത്യയിൽ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.
1) കൊന്നമാര പബ്ലിക് ലൈബ്രറി (ചെന്നൈ )
ഇന്ത്യയിലെ നാല് ദേശീയ ഡിപോസിറ്ററി ലൈബ്രറികളിൽ ഏറ്റവും പ്രമുഖമാണ് ചെന്നൈയിലെ എഗ്മോറിൽ സ്ഥിതിചെയ്യുന്ന കൊന്നമാര പബ്ലിക് ലൈബ്രറി. 1890 കളിലെ മദ്രാസ് സ്റ്റേറ്റ് ഗവർണറായിരുന്ന കൊന്നേമര പ്രഭുവാണ് 1896 ഡിസംബർ 5ന് ഈ ലൈബ്രറി ആരംഭിച്ചത്. എഗ്മോറിലെ പാന്തീയോൺ റോഡിൽ മദ്രാസ് മ്യൂസിയത്തിനും ആർട്ട് ഗ്യാലറിയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറിക്ക് ഒരു കൊളോണിയൽ അന്തരീക്ഷമാണ് ഉള്ളത്. അർദ്ധ വൃത്താകൃതിയിലുള്ള മച്ച്, വലിയ തേക്ക് അലമാരകൾ, നീളൻ ഗ്ലാസ് ജനാലകൾ, മനോഹര കൊത്തുപണികൾ നിറഞ്ഞ ചുവരുകൾ ഇങ്ങനെ വളരെ നൊസ്റ്റാൾജിക്ക് മൂഡ് നൽകുന്ന ഒരു വലിയ ലൈബ്രറിയാണ് കൊന്നമാര.
ലൈബ്രറി തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ തുറന്നു പ്രവർത്തിക്കുന്നു. 17 വയസ്സിന് മുകളിലുള്ള ആർക്കും വെറും 50 രൂപ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നൽകി അംഗമാകാം.
ഡെലിവറി ഓഫ് ബുക്സ് ആന്റ് ന്യൂസ് പേപ്പേഴ്സ് (പബ്ലിക് ലൈബ്രറീസ്) ആക്റ്റ് 1954 പ്രകാരം, ഇന്ത്യയിലെ ഓരോ പ്രസാധകനും നിർബന്ധിതമായി ഓരോ പ്രസിദ്ധീകരണത്തിന്റെയും ഒരു പകർപ്പ് ലൈബ്രറിയിലേക്ക് അയയ്ക്കണം. ഇതിനുപുറമെ യുഎന്നിന്റെയും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെയും ധാരാളം പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഇവിടെ ലഭിക്കും. സംസ്ഥാന സർക്കാർ ലഭ്യമാക്കിയ ഫണ്ടുകളിൽ നിന്ന് ഓരോ വർഷവും നിരവധി പുസ്തകങ്ങൾ ഇവിടെ പുതിയതായി വാങ്ങി ചേർക്കുന്നു.
2) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബോംബെ
അപൂർവമായ രേഖകൾ, പുസ്‌തകങ്ങൾ, ആനുകാലികങ്ങൾ, കൈയെഴുത്തുപ്രതികൾ, മാപ്പുകൾ എന്നിവയുടെ സമ്പന്നമായ ഒരു ശേഖരമാണ് മുംബൈയിലെ ഏഷ്യാറ്റിക് സൊസൈറ്റി. 1804 ൽ ബോംബെയിലെ ലിറ്റററി സൊസൈറ്റി എന്ന പേരിൽ ഇത് നിലവിൽ വന്ന ഈ ലൈബ്രറി 1830ൽ ടൗൺഹാളിലേക്ക് മാറ്റി. പ്രശസ്ത അഭിഭാഷകനായ സർ ജെയിംസ് മക്കിന്റോഷ് സ്ഥാപിച്ച ഈ ലൈബ്രറിയുടെ നിർമ്മാണചുമതല കേണൽ തോമസ് കൂപ്പർക്കായിരുന്നു. പതിന്നാലാം നൂറ്റാണ്ടിലെ ഡാന്റേയുടെ ഡിവൈൻ കോമഡിയുടെ കൈയെഴുത്തുപ്രതിയും ഫിർദൗസിയുടെ പേർഷ്യൻ ഇതിഹാസ കവിതയായ ഷഹനാമയുടെ പത്തൊൻപതാം നൂറ്റാണ്ടിലെ പകർപ്പും ഉൾപ്പെടെ മൂല്യമേറിയ മൂന്ന് ലക്ഷത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഈ ലൈബ്രറിയിലുണ്ട്.
ഭൂതകാല പ്രൗഢിയും ആധുനിക സൗകര്യങ്ങളും ബന്ധിപ്പിച്ച അതിമനോഹരമായ രൂപഘടനയാണ് ലൈബ്രറിയുടെത്. പ്രായപൂർത്തിയായവർക്ക് പ്രതിമാസം 125 രൂപയ്ക്ക് ലൈബ്രറിയിലേക്കുള്ള അംഗത്വം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസോടെ പ്രത്യേക അംഗത്വവും ഈ ലൈബ്രറിയിൽ നൽകുന്നു.
3) നാഷണൽ ലൈബ്രറി, കൊൽക്കത്ത
ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ് കൊൽക്കത്തയിലെ അലിപൂറിലെ ബെൽവെഡർ എസ്റ്റേറ്റിലെ നാഷണൽ ലൈബ്രറി. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ഈ ലൈബ്രറി. ബെൽവെഡർ എസ്റ്റേറ്റിലെ 30 ഏക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2.2 ദശലക്ഷം പുസ്തകങ്ങളുടെ ശേഖരം.
1953 ഫെബ്രുവരി 1 ന് മൗലാന അബ്ദുൾ കലാം ആസാദ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ബി. എസ്. കേശവനെ ആദ്യത്തെ ലൈബ്രേറിയനായി നിയമിച്ചു. പബ്ലിക് ലൈബ്രറി ഇംപീരിയൽ ലൈബ്രറികളുമായി ലയിപ്പിച്ചതിന്റെ ഫലമായിയാണ് ഈ ദേശീയ ലൈബ്രറി സ്ഥാപിതമായത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെയും ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കും. 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ ലൈബ്രറിയിൽ അംഗമാകാം.
4) ദില്ലി പബ്ലിക് ലൈബ്രറി
1951 ഒക്ടോബർ 27 ന് യുനെസ്കോയും ഇന്ത്യാ ഗവൺമെന്റും സ്പോൺസർ ചെയ്ത ഒരു പൈലറ്റ് പ്രോജക്റ്റായി ഇത് സ്ഥാപിച്ച ഒരു ദേശീയ ഡിപോസിറ്ററി ലൈബ്രറിയാണ് ദില്ലി പബ്ലിക് ലൈബ്രറി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തു. 18 ലക്ഷത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം ലൈബ്രറിയിൽ അടങ്ങിയിരിക്കുന്നു.
തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ പബ്ലിക് ലൈബ്രറിയാണ് ദില്ലി പബ്ലിക് ലൈബ്രറി. സോണൽ ലൈബ്രറികൾ, ബ്രാഞ്ചുകൾ, ഉപബ്രാഞ്ചുകൾ, ആർ. സി. ലൈബ്രറികൾ, കമ്മ്യൂണിറ്റി ലൈബ്രറികൾ, ഡെപ്പോസിറ്റ് സ്റ്റേഷനുകൾ, മൊബൈൽ ലൈബ്രറി, ബ്രെയ്‌ലി ലൈബ്രറി തുടങ്ങിയവയുടെ ഒരു ഒരു വലിയ ശൃംഖല തന്നെ ഈ ലൈബ്രറിയിൽ ഉണ്ട്.
ഉപയോക്താക്കൾക്ക് ഒറ്റത്തവണ സബ്സ്ക്രിപ്ഷനിൽ ലൈബ്രറിയും പുസ്തകങ്ങളും ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.00 മുതൽ രാത്രി 7.00 വരെയും ഞായർ / അവധി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകുന്നേരം 5.00 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കും.
ദേശീയ ഡിപോസിറ്ററി കേന്ദ്രങ്ങൾ എന്ന ഈ ലൈബ്രറികൾ യുനെസ്കോയുടെ സഹകരണത്തോടെ ഇന്ത്യൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നു. ഓരോ വർഷവും ഈ ലൈബ്രറികൾക്ക് അവരുടെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും അവർ ഫണ്ട് നൽകുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങളുടെ ഈ അപൂർവശേഖരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വളരെയധികം ഉപയോഗപ്രദമാണ്. കോപ്പികൾ ലഭ്യമല്ലാത്ത പുസ്തകങ്ങൾ തേടി ഇനി മറ്റെങ്ങും പോകണ്ട. നിങ്ങൾ തിരയുന്ന പുസ്തകവും ആനുകാലികവും പ്രസിദ്ധീകരണവും ലഭിക്കുന്ന ഇടമാണ് നാഷണൽ ഡിപ്പോസിറ്ററി സെന്ററുകൾ.







No comments:
Post a Comment